ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ പൂർണ സംരക്ഷണം ഒരുക്കും: ഇപി ജയരാജന്‍

ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ പൂർണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ.

ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോൺഗ്രസും ശ്രമിക്കുന്നതെന്നും ഇ പി പറഞ്ഞു.

ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം കോൺഗ്രസ്സിനെ തകർക്കുമെന്നും ഇ പി കണ്ണൂരിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ സംഘപരിവാറും കോൺഗ്രസും ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവർ നടത്തുന്നത്. മഹിളാ അസോസിയേഷൻ സെക്രട്ടറി പി സതീ ദേവിയുടെ കയ്യും കാലും കൊത്തുമെന്നന്ന് ഭീഷണിപ്പെടുത്തി.

ശ്രീമതി ടീച്ചർ എം പി ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണവും അസഭ്യ വർഷവും നടത്തി.

സിനിമാക്കാരനായ കൊല്ലം തുളസി ശബരിമലയിൽ പോകുന്ന സ്ത്രീകളെ രണ്ടായി പിളരുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിന്‍റെയെല്ലാം തുടർച്ചയാണ് ശബരിമലയിൽ പോകാൻ മാലയിട്ട കണ്ണൂർ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്തിന് നേരെ നടക്കുന്ന ആക്രോശങ്ങൾ.

ആർ എസ് എസ് തനിനിറം ജനങ്ങൾ തിരിച്ചറിയും. വിശ്വാസികളുടെ പ്രാർത്ഥന യോഗങ്ങൾ അലങ്കോലപ്പെടുത്തുക, വിശ്വാസികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ അങ്ങേയറ്റം മോശമായ നടപടികളാണ് ആർ എസ് എസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കോൺഗ്രസ്സിന്റെ കോടി ഉപേക്ഷിച്ച് ബി ജെ പി ക്ക് പിന്നിൽ അണി നിരക്കാനാണ് ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളുടെ ആഹ്വനം.

ഇത് കോൺഗ്രസ്സിന്‍റെ തകർച്ചയിലേക്ക് നയിക്കും. കോൺഗ്രസ്സിന്‍റെ പരമ്പര്യമല്ല ഇപ്പോൾ കേരളത്തിലെ നേതാക്കൾ പിന്തുടരുന്നത്.

ശബരിമല വിധിയെ ആദ്യം കോൺഗ്രസ് ഹൈക്കമാണ്ടും ഉമ്മൻ ചാണ്ടി,ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും അനുകൂലിച്ചതാണ്.

എന്നാൽ പിന്നീട് കേരളത്തിലെ നേതാക്കൾ നിലപാട് മാറ്റി. ഈ കള്ളക്കളിയെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

വിശ്വസികളുമായി ഏറ്റുമുട്ടൽ എന്നത് സർക്കാർ നിലപാടല്ല.വിശ്വാസവും ആരാധനാ സ്വാതദ്ര്യവും സംരക്ഷിക്കുകയാണ് സർക്കാർ നയം.

നിയമ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം.

ആ ചുമതലയാണ് സർക്കാർ നിറവേറ്റുന്നത്. വിശ്വാസികളും ജനങ്ങളും എപ്പോൾ വസ്തുത തിരിച്ചറിഞ്ഞു തുടങ്ങി.

ആദ്യ ഘട്ടത്തിൽ സമരത്തിനുണ്ടായ പലരും പിന്മാറി. വൈകാതെ ബാക്കിയുള്ളവരും പിന്മാറും. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കുന്നത്.

ഇത്തരക്കാരുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യവും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.
ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സർക്കാർ സുരക്ഷ ഉറപ്പ് വരുത്തും. വിസ്വാസികൾക്ക് പൂർണ സംരക്ഷണം നൽകും.

കേരളത്തിന്‍റെ സാമൂഹ്യ അന്തരീക്ഷം മലീനസമാക്കാൻ ജനങ്ങൾ അനുവദിക്കില്ല. കേരളത്തിന്‍റെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ജനങ്ങൾ ഉയർന്ന് പ്രവർത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News