ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കും; നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി

ശബരിമല സ്ത്രീ പ്രവേശനത്തിൽ ആരെയും നിയമം കൈയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കും. അതിന് തടസ്സമായി നില്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലയ്‌‌ക്കലില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കിയത്. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളില്‍ ആരാണ് യാത്രചെയ്യുന്നതെന്ന് പരിശോധിക്കാനോ നിയമം കയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് കാര്യമായ സഹായവും സംരക്ഷണവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് തടസ്സമായി നില്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല. വിശ്വാസത്തിന്‍റെ ഭാഗമായി ശബരിമലയില്‍ പോകുന്നയാളുകള്‍ ശാന്തമായി പോയി ശാന്തമായി തിരിച്ചുവരികയാണ് ചെയ്യുന്നത്. അതിനുള്ള സാഹചര്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാനും പ്രാര്‍ത്ഥന നടത്താനും സൗകര്യമൊരുക്കും.

സർക്കാർ ആവശ്യപ്രകാരമുള്ളതല്ല കോടതി വിധി. എന്നാൽ പുരുഷനോടൊപ്പം തന്നെ സ്‌‌ത്രീയ്‌‌‌ക്കും എല്ലാ അവകാശവുമുണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. നിലവിൽ ബി.ജെ.പി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഏതായാലും സർക്കാർ ഒരു പുന:പരിശോധനാ ഹർജിക്കുമില്ലെന്നും സുപ്രീംകോടതി വിധി എന്താണോ അത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here