കൂട്ട പരുക്ക്; ബാഴ്‌സയുടെ പ്രതിരോധം പൊളിയുന്നു

സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സൂപ്പര്‍ ക്ലബ് ബാഴ്‌സലോണയുടെ പ്രതിരോധനിരയിലെ വിള്ളല്‍ കൂടുതല്‍ വലുതാകുന്നു.

ലാ ലിഗയിലെ ഓരോ മത്സരങ്ങള്‍ പിന്നിടുമ്പോഴും ബാഴ്‌സയ്ക്ക് ഡിഫന്‍സിലെ ഓരോ പ്രമുഖതാരത്തെ എന്ന നിലയില്‍ നഷ്ടമാവുകയാണ്. ഫ്രഞ്ച് താരം സാമുവല്‍ ഉംറ്റിറ്റിക്ക് പിന്നാലെ പരിചയസമ്പന്നനായ ബെല്‍ജിയന്‍ താരം തോമസ് വെര്‍മിലനും ഇപ്പോള്‍ പരുക്കേറ്റ് ടീമിന് പുറത്താണ്.

തുടയ്ക്കു പരുക്കേറ്റ വെര്‍മിലന് ആറാഴ്ച വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ഇപ്പോള്‍ ബാഴ്‌സയില്‍ അവശേഷിക്കുന്നത് ജെറാര്‍ഡ് പിക്വെയും ക്ലെമെന്റ് ലെന്‍ഗ്ലെറ്റും മാത്രമാണ്. പിക്വെയാകട്ടെ മോശം ഫോമിന്റെ പേരിലും കളിക്കളത്തില്‍ കാട്ടുന്ന പിഴവുകളുടെ പേരിലും ആവശ്യത്തിലേറെ പഴി കേള്‍ക്കുന്ന സമയവും.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഉംറ്റിറ്റി പരുക്കേറ്റ് പുറത്തായത്. തൊട്ടുപിന്നാലെ തന്നെ സെര്‍ജി റോബെര്‍ട്ടോയും പരുക്കിന്റെ പിടിയിലായി. ഉംറ്റിറ്റിക്ക് ഇനി ഡിസംബറിനു ശേഷമേ കളത്തിലേക്ക് മടങ്ങിവരാനാകൂ. ഇതിനിടെയാണ് പകരക്കാരനായി ഇറങ്ങിയ വെര്‍മിലനും പരുക്കേറ്റത്.

അടുത്ത എട്ടു ദിവസത്തിനുള്ളില്‍ ബാ!ഴ്‌സയ്ക്ക് സ്വന്തം മൈതാനത്തെ എല്‍ ക്ലാസിക്കോയടക്കം മൂന്ന് പ്രധാന മത്സരങ്ങളാണ് കളിക്കാനുള്ളത്. ഞായറാഴ്ച ലീഗിലെ ആദ്യ സ്ഥാനക്കാരായ സെവിയ്യയെയാണ് ബാഴ്‌സ നേരിടുക. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ ബാഴ്‌സയ്ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുകയുള്ളു.

സീസണിലെ ആദ്യഎല്‍ ക്ലാസിക്കോ ഈ മാസം 28നാണ്. ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ പൊലെ ലീഗില്‍ ഒരേ പോലെ തോല്‍ക്കുകയും സമനില നേടുകയും ചെയ്യുന്ന ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ലീഗിലെ ഈ മത്സരങ്ങള്‍ക്കിടെയാണ് ഈ മാസം 25ന് ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെ നേരിടേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News