‘ദിവ്യയുടെ മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ല, സൗഹൃദത്തിന്റെ പേരില്‍; മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി’; ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി അലന്‍സിയര്‍

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ഭാഗികമായി ശരിയാണെന്ന് സമ്മതിച്ച് നടന്‍ അലന്‍സിയര്‍.

മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ ദിവ്യ ഗോപിനാഥിനോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു.

അലന്‍സിയര്‍ പറയുന്നു:

”ആഭാസം സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ല. സൗഹൃദത്തിന്റെ പേരിലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല. പ്രശ്‌നങ്ങള്‍ മാപ്പ് പറഞ്ഞ് ഒത്തുതീര്‍ത്തതായിരുന്നു.”

മീടു ക്യാമ്പയിന്‍ നല്ലതാണെന്നും എന്നാല്‍ അത് കുടുംബം തകര്‍ക്കാന്‍ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അലന്‍സിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള കുറിപ്പ് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടത്. പേരു വെളിപ്പെടുത്താതെയായിരുന്നു ഈ കുറിപ്പ്.

തന്റെ നാലാമത്തെ ചിത്രമായ ആഭാസ’ത്തിലാണ് ആദ്യമായി അലന്‍സിയറുമൊന്നിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചുതന്നെ ലൈംഗികാക്രമണം നേരിട്ടതായും ദിവ്യ കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. അലന്‍സിയര്‍ മദ്യപിച്ച് തന്റെ മുറിയില്‍ അതിക്രമിച്ച് കടന്നതായും പല പ്രാവശ്യം മോശമായി പെരുമാറിയതായും ദിവ്യ കുറിപ്പില്‍ ആരോപിച്ചിരുന്നു.

പേര് വെളിപ്പെടുത്താതെയുള്ള ഈ ആരോപണം അടിസ്ഥാനമില്ലാതെയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് അത് താനാണെന്ന വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് എത്തിയത്.

ദിവ്യ ഇന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞത് ഇങ്ങനെ:

എനിക്ക് ചിലത് പറയാനുണ്ട്. ഒരു പെണ്‍കുട്ടി അവള്‍ക്കുണ്ടായ സത്യമായ അനുഭവങ്ങള്‍ തെറ്റും കൂടാതെ അത് എഴുതി ലോകത്തോട് അറിയിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് പേര് പറയാതെ എഴുതി കുറ്റം പറയാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്.

അവള്‍ക്ക് എന്ത് പിന്തുണയാണ് വിമര്‍ശിക്കുന്നവര്‍ കൊടുക്കുക. അവള്‍ തരണം ചെയ്ത അനുഭവം അത് ആരോട് പങ്കുവയ്ക്കും, അമ്മയോടോ അച്ഛനോടോ. സ്വന്തം ആഗ്രഹപ്രകാരം ജോലി ചെയ്യുന്ന ഫീല്‍ഡില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പിന്നീടാണ് അവള്‍ക്ക് പറയാന്‍ തോന്നുന്നതെങ്കില്‍ അതില്‍ എന്താണ് പ്രശ്‌നം.

അങ്ങനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. ഞാന്‍ എംകോം കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ചെറുപ്പം മുതലേ നാടകങ്ങളോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. എനിക്ക് സന്തോഷം കിട്ടുന്ന ഫീല്‍ഡ് ഏതാണോ അതുകൊണ്ടാണ് ഞാന്‍ സിനിമാരംഗത്തുതന്നെ ഉറച്ച് നില്‍ക്കുന്നത്.

അലന്‍സിയര്‍ ലേ ലോപ്പസിനെക്കുറിച്ചാണ് ഞാന്‍ പേര് പറയാതെ എഴുതിയത്. ഇപ്പോള്‍ എഴുതാന്‍ കാരണമുണ്ട്.

ഈ പറയുന്ന വ്യക്തി മറ്റൊരു സെറ്റില്‍ പോയി പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നത് കേള്‍ക്കുകയുണ്ടായി. ആഭാസം സിനിമയിലെ പെണ്‍കുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയായിരുന്നു. ഇത് അറിഞ്ഞ് അയാളെ ഫോണില്‍ വിളിച്ച് ഞാന്‍ ചീത്ത പറഞ്ഞു.

എന്നോട് അയാള്‍ കരഞ്ഞ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചു. അയാളെ അപ്പോള്‍ ഞാന്‍ വിശ്വസിച്ചു. പ്രായത്തിന് ബഹുമാനം തോന്നി. പക്ഷേ ഇയാളെക്കുറിച്ച് സംഘടനയില്‍ പരാതി പറഞ്ഞാല്‍ അവര്‍ അത് കേള്‍ക്കുമെന്ന് ഒരു വിശ്വാസവുമില്ല. ഞാന്‍ അമ്മ സംഘടനയിലുമില്ല.

എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഈ കുറിപ്പ് എഴുതിയത്. ഇത് ഡബ്ലുസിസിയുടെ പ്രതികാരമോ ഒന്നുമല്ല, കുറിപ്പ് എഴുതുന്നതിന് മുമ്പ് ഡബ്ലുസിസിയില്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അലന്‍സിയറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ തീര്‍പ്പാക്കിയാല്‍ മതിയോ എന്നാണ്.

എനിക്ക് അത് മതിയായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ഇനിയും അയാള്‍ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News