ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങള്‍ കേരളത്തെ 150 കൊല്ലം പിന്നോട്ടടിക്കുന്നു: പ്രൊഫ.എം കെ സാനു

കൊച്ചി: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തെ 150 കൊല്ലം പിന്നോട്ടടിക്കുന്നതാണെന്ന് പ്രൊഫ.എം കെ സാനു മാഷ്. രാഷ്ട്രീയ ലക്ഷ്യവും വിപ‍ണന തന്ത്രവുമാണ് പ്രതിഷേധക്കാര്‍ക്കുളളതെന്നും ഇതിനായി ഇവര്‍ സ്ത്രീകളെ തെരുവിലിറക്കുകയാണെന്നു എ‍ഴുത്തുകാരി കെ ആര്‍ മീരയും തുറന്നടിച്ചു.

കൊച്ചിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വനിതാ കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിന്‍റെ പേരില്‍ സ്ത്രീകളെ നിരത്തിലിറക്കി രാഷ്ട്രീയലക്ഷ്യം നേടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയായിരുന്നു സ്ത്രീ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചത്.

കൊച്ചിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്ത വനിതാ സംഗമം പ്രൊഫ. എം കെ സാനുമാഷ് ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തെ 150 കൊല്ലം പിന്നോട്ടടിക്കുന്നതാണെന്ന് പ്രൊഫ.എം.കെ. സാനു മാഷ് പറഞ്ഞു.

വലിയ വരുമാനം ലഭിക്കുന്ന ക്ഷേത്രം കൂടിയായ ശബരിമലയിലെ പ്രതിഷേധത്തിന് വിപണന താത്പര്യവും രാഷ്ട്രീയ ലക്ഷ്യവും ഉണ്ടെന്ന് എ‍ഴുത്തുകാരി കെ.ആര്‍. മീരയും പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അധ്യക്ഷയായിരുന്നു. എ‍ഴുത്തുകാരായ തനൂജ ഭട്ടതിരി, പ്രൊഫ.ആര്‍ ബിന്ദു, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. നവോത്ഥാനകാലത്തെ അനുസ്മരിപ്പിക്കുന്ന നാടകവും സ്ത്രീകള്‍ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel