”വിലക്കുകള്‍ എല്ലാം മാറി, ഇനി എനിക്ക് എന്റെ ഇഷ്ട ദേവനെ കാണാം; സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തു തരുമെന്ന് ഉറപ്പുണ്ട്”

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പോകാനൊരുങ്ങി മറ്റൊരു യുവതി കൂടി.

ലക്ഷ്മി എന്ന യുവതി ഫേസ്ബുക്കില്‍ കുറിച്ചത്:

എന്റെ മകളെയും കൂട്ടി എനിക്ക് മല ചവിട്ടണം .

എനിക്ക് 8 വയസുള്ളപ്പോഴാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി ശബരിമലയില്‍ പോയത്.

അത് എന്റെ എത്രയും പ്രിയപ്പെട്ട അമ്മുമ്മ യുടെ കൈ പിടിച്ചാണ് . കലിയുഗ വരദനായ അയ്യപ്പന്റെ ഐതീഹ്യവും , കഥകളും, ആദ്യമായി എനിക്ക് പറഞ്ഞു തരുന്നതും അമ്മുമ്മ തന്നെ ആയിരുന്നു .

ധര്‍മ്മം സ്ഥാപിച്ചും , ശത്രുക്കളെ നിഗ്രഹിച്ചും , പന്തളം രാജകുമാരന്റെ ജൈത്രയാത്ര, കണ്ണും കാതും കൂര്‍പ്പിച്ചിരുന്നാണ് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നത് .പുരാണ കഥകളില്‍ ‘ശത്രുവിനെ നിഗ്രഹിക്കുക’ എന്നാല്‍ മാനവ കുലത്തിന്റെ രക്ഷ , ധര്‍മ്മ പരിപാലനം, എല്ലാത്തിനുമുപരി നന്മയെ, സമൂഹത്തില്‍ നിലനിറുത്തുക എന്നതാണെന്ന് , ഒരു അധ്യാപിക കൂടിയായ അമ്മുമ്മ വിശദീകരിച്ചു തരാറുണ്ടായിരുന്നു .

അയ്യപ്പ സ്വാമി ഒരു ഹീറോ ആയി മാറാന്‍ കൂടുതല്‍ എന്തെങ്കിലും വേണമോ ? ദൈവീക സങ്കല്പത്തോടൊപ്പം, ആരാധനാ മൂര്‍ത്തി ആയി അപ്പോഴേക്കും മാറിയ അയ്യപ്പനെ കാണാനുള്ള എന്റെ ആഗ്രഹം ഒട്ടും തടസം പറയാതെ തന്നെ അച്ഛനും അമ്മയും അനുവദിച്ചു . അമ്മുമ്മയുടെ ആ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ അങ്ങനെയാണ് ഞാന്‍ ഭാഗമായത് .

എന്നാല്‍ സങ്കല്പിച്ചത്ര എളുപ്പം ആയിരുന്നില്ല യാത്ര . അത്രയും ദൂരം ഞാന്‍ ആദ്യമായാണ് നടക്കുന്നത് . എങ്കിലും മല കയറ്റം എനിക്ക് ഒത്തിരി ഇഷ്ടമായി . പക്ഷേ അന്നെനിക്ക് ദേഷ്യം വന്ന ഒരു കാര്യം , അമ്മുമ്മ എന്നെ മല ഓടിക്കയറാന്‍ അനുവദിച്ചിരുന്നില്ല എന്നതാണ് . അതിനുള്ള അമ്മുമ്മയുടെ ന്യായം ,ഓടുന്ന കുട്ടികളെ വനത്തിനുള്ളില്‍ നിന്ന് പുലി നോക്കുമെന്നായിരുന്നു.

അമ്മുമ്മക്ക് എന്റെ കൂടെ ഓടാന്‍ കഴിയാത്തതു കൊണ്ടാണാ പുളു അടി എന്ന് , അന്നെനിക്ക് മനസിലായിരുന്നില്ല .അമ്മുമ്മയ്ക്ക് ക്ഷീണം മാറ്റാന്‍ ഇടക്കിടക്കുള്ള ഇടത്താവളങ്ങളില്‍ ഞങ്ങള്‍ കുറേ നേരം ഇരുന്നു . അന്ന് മല കയറുന്ന എല്ലാ അയ്യപ്പന്മാരെക്കാളും ഏറ്റവും കൂടുതല്‍ സമയം എടുത്തു മല കയറിയതു ഞങ്ങളാണെന്നു ഞാന്‍ തിരികെ എത്തി അമ്മയോട് പരാതി പറഞ്ഞത് ഓര്‍ക്കുന്നുണ്ട് . മാത്രമല്ല പമ്പ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ വിശ്രമ കേന്ദ്രങ്ങളിലും കയറി ഹാജര്‍ വെച്ചതും ഞങ്ങള്‍ ആണെന്ന് ഇന്നെനിക്കു നന്നായി ഓര്‍ത്തെടുക്കാം.

ഞാന്‍ കടുത്ത ഉത്സാഹത്തിലായിരുന്നു. പക്ഷേ ആ യാത്രയില്‍ ഏറ്റവും കഷ്ടപെട്ടത് അമ്മുമ്മയാണ് . കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഇരുമുടി ചുമക്കണ്ട ജോലിയും പ്രായമായ അമ്മുമ്മയ്ക്കായി .

കഥകള്‍ പറഞ്ഞു തരുമ്പോള്‍ കാണിക്കുന്ന അയ്യപ്പ ഭക്തിയൊന്നുമല്ല അപ്പോള്‍ ഞാന്‍ അമ്മുമ്മയുടെ മുഖത്തു കണ്ടത് .ചെറുമകളുടെ കുസൃതിയും നിയന്ത്രിച്ചു , അവളുടെ ഇരുമുടിയും ചുമന്നു കഷ്ടപ്പെടുന്ന ഒരു സാധാരണ സ്ത്രീ . കടുത്ത ക്ഷീണവും അസ്വസ്ഥതയും എത്ര ഒളിക്കാന്‍ ശ്രമിച്ചിട്ടും അമ്മുമ്മയുടെ മുഖത്ത് വളരെ പ്രകടമായിരുന്നു . പാവം ,പക്ഷേ ഒന്നും പുറത്തു കാണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു .

എന്നാല്‍ സന്നിധാനത്ത് എത്തിയപ്പോഴേക്കും അമ്മുമ്മയുടെ ക്ഷീണം കലശലായി . അവിടെ കുറെ നേരം ഇരുന്നിട്ടാണ് പതിനെട്ടാം പടി ചവിട്ടാന്‍ കയറിയത് .കുറേ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു . എന്നെ പറ്റിമാത്രമായിരുന്നു അമ്മുമ്മയുടെ ചിന്ത . കൂട്ടം തെറ്റിപ്പോയാല്‍ എവിടെ പോയി അനൗണ്‍സ്‌മെന്റ് ചെയ്യിക്കണം എന്നൊക്കെ അമ്മുമ്മ പറഞ്ഞു മനസിലാക്കി തന്നു .

ആ ക്ഷീണത്തിനിടയില്‍ , ആ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അമ്മുമ്മ എന്നോട് പറഞ്ഞു , എത്ര കഷ്ട പെട്ടിടാണെങ്കിലും നീ അയ്യനെ കാണുമ്പോള്‍ നന്നായി പ്രാര്‍ത്ഥിക്കണം. ഇനി നിനക്ക് എപ്പോള്‍ ഇവിടെ വരാന്‍ പറ്റുമെന്ന് അറിയില്ല.പെണ്‍കുട്ടികള്‍ പത്തു കഴിഞ്ഞാല്‍ പിന്നെ 50 വയസ്സായാലേ പോകാന്‍ പറ്റു എന്ന് ഞാന്‍ മുന്‍പേ കേട്ടിട്ടുണ്ടായിരുന്നു.

മനസ്സില്‍ പ്രതിഷ്ഠിച്ച ദേവനെ നേരിട്ടു കണ്ട സന്തോഷം ,പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു . ആ ദൈവ സന്നിധിയില്‍ നിന്നപ്പോള്‍ കിട്ടിയ ആത്മീയ നിര്‍വൃതി , അത് വിശദീകരിക്കാനൊന്നും എനിക്കന്നു അറിയിലായിരുന്നു . സത്യം പറയാല്ലോ, ഇപ്പോഴും അറിയില്ല.

പക്ഷേ അനിര്‍വചനീയമായ ആ അനുഭവം മനസില്‍ ഇപ്പോഴും മായാതെ ഉണ്ട് . ഏതൊരു അയ്യപ്പന്മാരെയും പോലെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് തിരികെ എത്തണമെന്നു തന്നെയായിരുന്നു മല ഇറങ്ങുമ്പോള്‍ എന്റെയും ആഗ്രഹം . പക്ഷേ പറഞ്ഞിട്ടെന്തു കാര്യം . ..

അമ്മുമ്മ ഇന്ന് ഞങ്ങളുടെ കൂടെയില്ല. തികഞ്ഞ അയ്യപ്പ ഭക്തയായി ഇപ്പോഴും ഞാന്‍ തുടരുന്നു .അമ്മുമ്മ പറഞ്ഞു തന്ന അയ്യപ്പ കഥകള്‍ ഇപ്പോള്‍ ഞാന്‍ എന്റെ മകള്‍ക്ക് പറഞ്ഞു കൊടുക്കുന്നു.

ഭര്‍ത്താവ് മലക്ക് പോകുവാന്‍ തയ്യാറെടുക്കുമ്പോള്‍ എല്ലാ വര്‍ഷവും ഞാനും വൃതം എടുക്കും . ശരണം വിളിച്ചു ഭര്‍ത്താവ് യാത്ര പുറപ്പെടുമ്പോള്‍ , ഒരു രീതിയില്‍ സന്തോഷം തോന്നുമെങ്കിലും , നന്നേ ചെറുപ്പകാലത്തു മാത്രം കണ്ട ഇഷ്ട ദേവനെ വീണ്ടും കാണാന്‍ എനിക്ക് കഴിയുന്നില്ലലോ എന്ന തോന്നല്‍ ചെറുതൊന്നുമല്ല എന്നെ അലട്ടിയതു .ഇനി കാണണമെങ്കില്‍ ഞാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കണമെന്നുള്ളത് വലിയ അനീതിയായി തന്നെയാണ് മനസ്സില്‍ തോന്നിയതും .

കൃഷ്ണനെ കാണാന്‍ ഗുരുവായൂരിലും , മുരുകനെ കാണാന്‍ പഴനിയിലും പോകാന്‍ കഴിയുന്ന അവരവരുടെ ഭക്തകളോട് ചെറുതല്ലാത്ത അസൂയ എനിക്ക് തോന്നുമായിരുന്നു . എന്തു കാരണം പറഞ്ഞായിരുന്നാലും എന്നെ ശബരിമല ധര്‍മ്മ ശാസ്താവില്‍ നിന്ന് അകറ്റുന്നതിനോട് എന്നിലെ ഭക്തക്കു ഒരു കാലത്തും യോജിക്കാനാകുമായിരുന്നില്ല .

ചുറ്റും കാണുന്ന ഏതു അയ്യപ്പഭക്തനോളം , അല്ലെങ്കില്‍ ചിലപ്പോള്‍ അതിനും മുകളിലേ നില്‍ക്കൂ അയ്യപ്പനോടുള്ള എന്റെ ഭക്തി .അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . ‘തത്വമസി’ (അത് നീയാകുന്നു ) എഴുതി വെച്ചിരിക്കുന്ന സന്നിധാനത്തില്‍ ,ഒരു ഭക്തയായ എനിക്ക് സ്ത്രീ ആയതു കൊണ്ട് കയറാന്‍ കഴിയില്ല എന്ന് ഏത് ആചാരത്തിന്റെ പേരില്‍ പറഞ്ഞാലും, അത് അംഗീകരിക്കാന്‍ ഒരിക്കലും സാധിക്കില്ല .

എന്റെ അവകാശമല്ലേ എന്റെ ഇഷ്ടദേവനെ കാണുക എന്നത് ?എന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്റെ ദൈവ ദര്‍ശനമെങ്കില്‍ , ആ അവകാശം , ഞാന്‍ ഒരു സ്ത്രീ ആയതു കൊണ്ട് മാത്രം ,എനിക്കെങ്ങനെ നിഷിധ മാക്കാനാകും ? ചെറിയ പ്രായത്തിലെ ആരോഗ്യം തന്നെ ആയിരിക്കില്ല അമ്പതു വയസു കഴിയുമ്പോഴും .

പ്രായമായി പരസഹായത്തോടെ , ആളുകള്‍ ചുമന്നു കൊണ്ട് മാത്രമേ ഒരു സ്ത്രീക്ക് അയ്യപ്പ സന്നിധിയില്‍ വരാന്‍ പറ്റൂ എന്ന അവസ്ഥ വന്നാല്‍ എന്തു മാത്രം ദുഖകരമാണത്? . ഞാന്‍ എന്നോടു തന്നെ പലതവണ ചോദിച്ച ഇത്തരം ചോദ്യങ്ങള്‍ക്കാണ് രാജ്യത്തിന്റെ ഉന്നത നീതി പീഠം ഇപ്പോള്‍ ഉത്തരം തന്നിരിക്കുന്നത് .

അയ്യപ്പ ഭക്തിയില്‍ ,അത്യന്തം ആവേശത്തോടെ ,അതിലുമധികം സന്തോഷത്തോടെ കേട്ട ഒരു വിധിയാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വിലക്കുകള്‍ എല്ലാം മാറി . ഇനി എനിക്ക് എന്റെ ഇഷ്ട ദേവനെ കാണാം . പണ്ട് ഞാന്‍ ചെറുതായിരുന്നപ്പോള്‍ അമ്മുമ്മയ്‌ക്കൊപ്പം മല ചവിട്ടിയതു പോലെ , എന്റെ മകളെയും കൊണ്ട് എന്നാല്‍, എനിക്ക് ആരോഗ്യമുള്ള സമയത്തു തന്നെ ശബരിമലയില്‍ പോകണം .

പോകാന്‍ കഴിയുന്നിടത്തോളം കാലം പോകണം . സര്‍ക്കാരും സംവിധാനങ്ങളും അതിനുള്ള സഹായം ചെയ്തു തരും എന്ന് എനിക്ക് ഉറപ്പുണ്ട് . ഈ തോന്നലില്‍ ഞാന്‍ ഒറ്റക്കല്ല എന്ന് എനിക്ക് നന്നായി അറിയാം .

എന്നെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരായ സ്ത്രീകള്‍ ലോകം മുഴുവന്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം . അയ്യപ്പനാകും അത് കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുക .അതു കൊണ്ടാണല്ലോ ഇപ്പോള്‍ ഇങ്ങനെ ഒരു വിധി വന്നതു തന്നെ …

സ്വാമിയേ ശരണമയ്യപ്പ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News