‘അമ്മ’യ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

താര സംഘടന അമ്മയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലന്ന ഹർജിയിലാണ് കോടതി നടപടി.

ഹര്‍ജിയില്‍ സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.24നകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

WCC സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ താരസംഘടന അമ്മയ്ക്ക് പ്രത്യേക ദൂതന്‍ വ‍ഴി നോട്ടീസയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. 24നകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

WCC ക്ക് വേണ്ടി നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.
തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന സുപ്രിംകോടതി വിധി താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അമ്മ സ്വീകരിക്കാത്തതിനാല്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവര്‍ക്ക് യാതൊന്നും ചെയ്യാനാവുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.

അമ്മയുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാനായി 2013ല്‍ പാര്‍ലമെന്‍റ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു.

പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും ആഭ്യന്തര സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു.

എന്നിട്ടും അമ്മ ഭാരവാഹികള്‍ സ്വേഛാപരമായാണ് ഇടപെടുന്നത്. അമ്മയില്‍ സമിതിയില്ലാത്തത് അതിലെ സ്ത്രീ അംഗങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നു.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നിരവധി തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാവുന്നു എന്ന വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഒരു സിനിമാ നിര്‍മാണത്തിനിടെ പീഡിപ്പിക്കപ്പെട്ടതിന് നല്‍കിയ പരാതി സിനിമ കഴിയുന്നതോടെ ഇല്ലാതാവുന്ന അവസ്ഥയാണ്.

ഈ പശ്ചാത്തലം പ്രത്യേകം പരിശോധിക്കണം. ഇതെല്ലാം പരിഗണിച്ച് പൊതുസമ്മതരായ വ്യക്തികള്‍ അടങ്ങിയ പ്രത്യേക സമിതി അമ്മയില്‍ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here