ശബരിമലയില്‍ അക്രമം നടത്തുന്നത് സംഘപരിവാറും ആര്‍എസ്എസുമാണെന്ന് മന്ത്രി കടകംപള്ളി; ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടനം നടത്താനുള്ള ഭക്തരുടെ ആവശ്യം നിറവേറ്റുക എന്നത് സര്‍ക്കാരിന്റെ കടമ

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിഷേധങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ ഇതിന്റെ എല്ലാം പേരില്‍ അക്രമം നടത്തുന്നത് സംഘപരിവാറും ആര്‍എസ്എസുമാണ്.

ദേശീയ മാധ്യമപ്രവര്‍ത്തകരായ പെണ്‍കുട്ടികളെയടക്കം വലിച്ചിറക്കി പ്രാകൃതമായ രീതിയിലാണ് കയ്യേറ്റം ചെയ്തത്. സുരക്ഷയുമായി ബന്ധപ്പെട്ട് ആവശ്യം വരുന്നമുറയ്ക്ക് വനിതാ പൊലീസിനെ നിയമിക്കും.

ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടനം നടത്താനുള്ള ഭക്തരുടെ ആവശ്യം നിറവേറ്റുക എന്നതാണ് സര്‍ക്കാരിന്റെ കടമ. വിധിയില്‍ അഭിപ്രായവ്യത്യാസമുള്ള വിശ്വാസികളെ അനുരഞ്ജനത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കും. സുപ്രീംകോടതി വിധി അടിച്ചേല്‍പ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്രമികളെ വേണ്ടവിധത്തില്‍ തന്നെ കൈകാര്യം ചെയ്യും.

കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയമായ നീക്കമാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സുപ്രീംകോടതിവിധി നടപ്പിലാക്കേണ്ട എന്ന് ഒരു കോണ്‍ഗ്രസ് നേതാവോ ബിജെപി നേതാവോ പറഞ്ഞിട്ടില്ല.

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് ആര്‍എസ്എസ് അനുഭാവികളാണ്.

12 വര്‍ഷക്കാലം നീണ്ടുനിന്ന നിയമപോരാട്ടത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കക്ഷി ചേര്‍ന്നിരുന്നുമില്ല. ഇവരുടെയെല്ലാം നിലപാട് സ്ത്രീപ്രവേശനം ആകാമെന്നതാണ്. ഇതെല്ലാം ഇപ്പോള്‍ മറച്ചുവെച്ചാണ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി സമരത്തിനിറങ്ങിയിരിക്കുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ അജണ്ട ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ബാക്കിയുള്ളവരെ സമവായത്തിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഇത് നവോത്ഥാനത്തിലൂടെ മുന്നേറിയ കേരളമാണ്. കേരളം കേരളമായി തന്നെ നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News