നിലയ്ക്കലിനെ സംഘര്‍ഷഭൂമിയാക്കി സംഘപരിവാര്‍; ഭക്തര്‍ക്കും പൊലീസിനും നേരെ കല്ലേറ്; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; പീപ്പിള്‍ ടിവി വാര്‍ത്തസംഘത്തിന് നേരെയും ആക്രമണം

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന സമരത്തിന്റെ മറവില്‍ കലാപത്തിന് കോപ്പുകൂട്ടി സംഘപരിവാര്‍. സമരത്തിന്റെ മറവില്‍ വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്.

നിലയ്ക്കലില്‍ പൊലീസിനും അയ്യപ്പഭക്തര്‍ക്കും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അതിക്രമങ്ങള്‍ തുടരുകയാണ്. പൊലീസിന് നേരെ അതിശക്തമായ കല്ലേറാണ് ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ നടത്തുന്നത്.

ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന ആര്‍എസ്എസുകാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. യുവതിയെ സംഘം മര്‍ദിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

അക്രമികള്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ട് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് നേരെയും കയ്യേറ്റശ്രമമുണ്ടായി.

രാവിലെ പമ്പയിലേക്ക് പോകുകയായിരുന്ന റിപ്പബ്ലിക് ചാനലിന്റെ വനിതാ മാധ്യമ പ്രവര്‍ത്തക പൂജ പ്രസന്ന അടക്കമുള്ളവരെയും സംഘം ചേര്‍ന്നെത്തിയ ആര്‍എസ്എസുകാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു.

നിലയ്ക്കലില്‍ എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായി.

രാവിലെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ആര്‍എസ്എസുകാര്‍ തടഞ്ഞത്.


അതേസമയം, സമരം ചെയ്ത അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രികുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് നീക്കം ചെയ്തത്.

ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ യുവതിയെയും കുടുംബത്തെയും ഇവര്‍ തടഞ്ഞിരുന്നു. ഇവരെ പമ്പയ്ക്കപ്പുറത്തേക്ക് പൊലീസ് കടത്തിവിട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്നാലെയെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത്.

വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

ഇതിനിടെ, ചേര്‍ത്തല സ്വദേശിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശബരിമലയിലെത്തിയ ലിബി എന്ന യുവതിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News