ശബരിമലയെ കലാപഭൂമിയാക്കി സംഘപരിവാര്‍; ഭക്തര്‍ക്കും പൊലീസിനും നേരെ കല്ലേറ്; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; പീപ്പിള്‍ ടിവി വാര്‍ത്തസംഘത്തിന് നേരെയും ആക്രമണം; ശബരിമലയില്‍ നാളെ നിരോധനാജ്ഞ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ നാല് സ്ഥലങ്ങളില്‍ ബുധനാഴ്ച കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ആക്രമണം നടത്താന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തരെ തടയില്ല. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയപ്പോഴാണ് പ്രതിരോധിച്ചതെന്നും കലക്ടര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ നിരോധനജ്ഞ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സമാധാന സമരം എന്ന പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നിലയ്ക്കലിലടക്കം വലിയ തോതിലുള്ള അക്രമം നടത്തിയിരുന്നു. അയ്യപ്പഭക്തര്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിനെതിരെയും ശക്തമായ കല്ലേറടക്കമായിരുന്നു സംഘപരിവാര്‍ ഗുണ്ടകള്‍ നടത്തിയത്.

രാവിലെ മുതല്‍ തന്നെ നിലയ്ക്കലിലേക്കെത്തിയിരുന്ന നിരവധി വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നത്. മാധ്യമ സംഘത്തിന്റെയും പൊലീസിന്റെയും വാഹനമടക്കം തല്ലിത്തകര്‍ക്കുകയായിരുന്നു.

ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന ആര്‍എസ്എസുകാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. യുവതിയെ സംഘം മര്‍ദിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

അക്രമികള്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും തല്ലിത്തകര്‍ത്തു. കൈരളി ടിവി, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. കൈരളി റിപ്പോര്‍ട്ടര്‍ പ്രശാന്ത്, ക്യാമറാമാന്‍ സാംജിത്ത് എന്നിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.

രാവിലെ പമ്പയിലേക്ക് പോകുകയായിരുന്ന റിപ്പബ്ലിക് ചാനലിന്റെ വനിതാ മാധ്യമ പ്രവര്‍ത്തക പൂജ പ്രസന്ന അടക്കമുള്ളവരെയും സംഘം ചേര്‍ന്നെത്തിയ ആര്‍എസ്എസുകാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു.

നിലയ്ക്കലില്‍ എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായി. രാവിലെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ആര്‍എസ്എസുകാര്‍ തടഞ്ഞത്.

അതേസമയം, നിലയ്ക്കലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് പന്തളത്തെ പ്രമുഖ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണെന്നതിന്റെ ദൃശ്യങ്ങളും നേതാക്കളുടെ പേരു വിവരങ്ങളും പീപ്പിള്‍ ടിവി പുറത്ത് വിട്ടു.

സജീവ ബിജെപി-ആര്‍എസ്എസ് നേതാവും പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റുമായ പന്തളം സ്വദേശി പ്രഥ്വിപാല്‍, ആര്‍എസ്എസിന്റെ മുന്‍ കുളനട മണ്ഡലം കാര്യവാഹക് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്.

അതേസമയം, സമരം ചെയ്ത അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രികുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് നീക്കം ചെയ്തത്.

ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ യുവതിയെയും കുടുംബത്തെയും ഇവര്‍ തടഞ്ഞിരുന്നു. ഇവരെ പമ്പയ്ക്കപ്പുറത്തേക്ക് പൊലീസ് കടത്തിവിട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്നാലെയെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത്.

വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

ഇതിനിടെ, ചേര്‍ത്തല സ്വദേശിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശബരിമലയിലെത്തിയ ലിബി എന്ന യുവതിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News