ലൈഗിക ആരോപണ വിവാദത്തില്‍ കുടുങ്ങിയ എം.ജെ.അക്ബര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വച്ചു

ലൈഗിക ആരോപണ വിവാദത്തില്‍ കുടുങ്ങിയ എം.ജെ.അക്ബര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വച്ചു.

ഇരുപതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ നാളെ കോടതിയില്‍ മൊഴി നല്‍കാനിരിക്കെയാണ് രാജി.

ആരോപണങ്ങളെ കോടതിയില്‍ വ്യക്തിപരമായി നേരിടുമെന്ന് അക്ബര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.

മന്ത്രിയുടെ രാജിയോടെ തങ്ങള്‍ നീതികരിക്കപ്പെട്ടുവെന്ന് മാധ്യമ പ്രവര്‍ത്തക പ്രിയ രമണി പ്രതികരിച്ചു.കോടതിയില്‍ നിന്നും നീതി ലഭിക്കുന്ന ദിവസം കാത്തിരിക്കുകയാണന്നും പ്രിയ.

മീടു വിവാദത്തില്‍ നാണം കെട്ടാണ് എം.ജെ.അക്ബര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.

വിവിധ മാധ്യമസ്ഥാപനങ്ങളില്‍ എഡിറ്ററായിരുന്ന എം.ജെ.അക്ബറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ഒന്നിന് പുറകെ ഒന്നായി പതിനാറ് മാധ്യമ പ്രവര്‍ത്തകര്‍ മീടു വിലൂടെ വെളിപ്പെടുത്തി.

ഇതിലൊരു വിദേശ മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പ്രിയ രമണി ഒക്‌ടോബര്‍ എട്ടിന് ആദ്യമായി മീടുവിലൂടെ ആക്ബറിന്റെ ലൈഗിക പീഡനം തുറന്ന് പറഞ്ഞു.

ഇവര്‍ക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് ദില്ലി പട്യാല കോടതി നാളെ പരിഗണിക്കും. ഈ കേസില്‍ ഇരുപത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രിയ രമണിയ്ക്ക് അനുകൂലമായി മൊഴി നല്‍കാനിരിക്കെയാണ് രാജി.

ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ പ്രിയ രമണിയ്ക്കും അക്ബറിനുമൊപ്പം ജോലി ചെയ്തിരുന്ന ഇവര്‍ മൊഴി നല്‍കിയാല്‍ അത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് അക്ബറിന്റെ രാജി.

രാജിയില്‍ നിന്നും അക്ബറിനെ രക്ഷിക്കാന്‍ അവസാന നിമിഷം വരെ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചിരുന്നുവെന്ന് സൂചനയുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയും അക്ബറിനെതിരായ തെളിവുകള്‍ ശക്തമാവുകയും ചെയ്തതോടെയാണ് രാജിയില്ലാതെ മറ്റ് വഴിയില്ലാതായത്.

അകബറിന്റെ രാജിയോടെ ആരോപണം ഉന്നയിച്ചവര്‍ക്ക് നീതീകരിപ്പെട്ടുവെന്ന് പ്രിയ രമണി പ്രതികരിച്ചു.

കോടതിയില്‍ നിന്നും നീതി ലഭിക്കുന്ന ദിവസം കാത്തിരിക്കുകയാണന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങളെ വ്യക്തിപരമായി നേരിടുമെന്ന് രാജി വച്ച ശേഷം അക്ബര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു.

ഇത് രണ്ടാമത്തെ മന്ത്രിയാണ് നരേന്ദ്രമോദി മന്ത്രിസഭയില്‍ നിന്നും പീഡനാരോപണത്തില്‍ രാജി വയ്ക്കുന്നത്.

നേരത്തെ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം.പിയും പഞ്ചായത്ത് രാജി സഹമന്ത്രിയുമായിരുന്ന നിഹാല്‍ചന്ദ് മേഘവാള്‍ ബലാത്സംഗ പരാതിയില്‍ രാജി വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here