മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിന് പിന്നിൽ രാഷ്ട്രീയ താൽപര്യം; തെളിവുകൾ പീപ്പിളിന്

മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിന് പിന്നിൽ രാഷ്ട്രീയ താൽപര്യമെന്നതിന് തെളവുകൾ. ഗൾഫ് ഒ‍ഴികേയുള്ള 10 വിദേശ രാജ്യങ്ങളിലെ എംബസ്സികൾ, മന്ത്രിമാരുടെ യാത്രയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനുളള തെളിവ് പീപ്പിൾ ടി.വിക്ക് ലഭിച്ചു.

ഇൗ ശുപാർശയെ പോലും തള്ളിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ഒപ്പം സംസ്ഥാന സർക്കാർ രേഖാമുലം നൽകിയ അപേക്ഷയിൽ രേഖാമൂലമുള്ള മറുപടി നൽകാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല.

ഒക്ടോബർ 6നാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് 16 മന്ത്രിമാർക്കുമുള്ള വിദേശയാത്രയ്ക്ക് പൊളിറ്റിക്കൽ ക്ലിയറൻസിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെ‍ഴുതിയത്.

ഇതിൽ പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്നും ഒക്ടോബർ 11ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്കുള്ള അനുമതി ലഭിച്ചു. തുടർന്ന് ഒക്ടോബർ 16ന് രാത്രിയോടെ മാത്രമാണ് മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത്. എന്നാൽ ഇതിൽ രേഖാമൂലം മറുപടി നൽകാൻ പോലും തയ്യാറാകാതെ കേരളത്തോടുള്ള അവഗണനാ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

ഇതിൽ സുപ്രധാനമായ വിഷയം വിദേശ രാജ്യങ്ങളുടെ നിലപാട് കേന്ദ്രം മറച്ചുവച്ചു എന്നതാണ്. ഗൾഫ് ഒ‍ഴികെയുള്ള 10 രാജ്യങ്ങളിലെ എംബസ്സികൾ മന്ത്രിമാരുടെ യാത്രയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. യു.കെ, ജർമനി, ശ്രീലങ്ക, ഒാസ്ട്രേലിയ, മലേഷ്യ, ന്യൂസിലാന്‍റ്, സിംഗപ്പൂർ, കാനഡ, നെതർലാന്‍റ് എന്നീ രാജ്യങ്ങളുടെ എംബസ്സികളുടെ അനുകൂല ശുപാർശയെയാണ് കേന്ദ്രസർക്കാർ മറച്ചുവച്ച് മന്ത്രിമാരുടെ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്.

വിദേശ സന്ദർശനം ഫണ്ട് സ്വീകരിക്കാൻ വേണ്ടിയുള്ളതല്ല മറിച്ച് ഒാരോ രാജ്യങ്ങലിലെയും മലയാളികളോടും മലയാളി അസോസിയേഷനുകളുമായും എല്ലാതരം പിന്തുണയും തേടാനാണെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ പുനർ നിർമാണം അസാധ്യമാക്കി കേരള ജനതയെ അപമാനിക്കുന്നതാണ് കേന്ദ്രം സ്വീകരിച്ച നിലപാട്.

കാലവർഷക്കെടുതിയോ മറ്റ് ദുരന്തങ്ങളോ ഉണ്ടായ ഒരു സംസ്ഥാനത്തും ഇത്തരത്തിലൊരു മുൻകൈ പ്രവർത്തനമുണ്ടായിട്ടില്ല. ഇതാണ് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന നീതി നിഷേധിക്കുന്ന കേന്ദ്ര നിലപാട് കാരണം സംസ്ഥാന പുനർനിർമ്മാണ സാധുതകളെയാണ് അസാധ്യമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News