അയ്യപ്പന്‍ പാറ്റയെ വെറുതെ വിടണം; കാവിപ്പൂമ്പാറ്റകള്‍ ‍വ‍ഴി തടയുമോ?

മനുഷ്യരടെ ലോകത്ത് ശബരിമലയില്‍ നടക്കുന്ന അക്രമവും അസംബന്ധ നാടകങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്തകള്‍.

പ്രാണീലോകത്ത് മുണ്ട് എന്നാല്‍ അയ്യപ്പനും സ്വാമിയുമൊക്കെ. പൂമ്പാറ്റകൾക്കും തുമ്പികൾക്കും ഇത് നൈഷ്ടിക ബ്രാഹ്മചര്യകാലമല്ല.

എന്നാല്‍ കാവി ചുറ്റിയ വല്ല ചിത്രകൻ പൂമ്പാറ്റയും മറ്റും തടയാൻ കാത്തു നില്ക്കുന്നുണ്ടാകുമോ ശലഭങ്ങളുടെ ശബരിമലയിൽ എന്ന് ചോദിക്കുകയാണ് പ്രമുഖ എ‍ഴുത്തുകാരനും പരിസ്ഥിതി ഗവേഷകനുമായ ഡോ.

ഇ ഉണ്ണികൃഷ്ണന്‍ ഡോ. ഇ ഉണ്ണികൃഷ്ണന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം.

അയ്യപ്പൻപാറ്റയെന്ന് ഞങ്ങൾ കുട്ടികൾ വിളിക്കാറുള്ള പ്രാണിയാണ് ഞാനാദ്യം പരിചയപ്പെട്ട
പൂമ്പാറ്റ.

ഒരു വെള്ളപ്പാത്തിയുടെ ബന്ധത്തിൽ പഞ്ചാബ് സംസ്ഥാനം പോലെ കിടക്കുന്നതാണ്
വടക്കിണിയെന്ന പാചകപ്പുര.

വടക്കിണിക്കിണറിന്റെയരികിൽ വെണ്ണീർ പാത്രങ്ങൾ കഴുകി കരി പടർന്ന മണ്ണിന്‍റെ ഉപ്പു വിടാതെ ചുറ്റിപ്പറ്റിപ്പറക്കുന്നവ.

മലയ്ക്കു പോകാൻ മാലയിട്ടവരുടെ വെള്ളക്കരയൻ കരിമുണ്ടാണിവർക്കും. അഴുകിയ ചക്കമടലിലും പഴത്തൊലിയിലും പറ്റിയിരുന്ന് ചാറ് നുകരുന്ന, ഇവയെ ഓർമ വരുമ്പോൾ പാലു കുടിക്കുന്ന ഒരു കറമ്പൻ കുട്ടിയുടെ രൂപകമാണ് ഇപ്പോൾ തോന്നുന്നത്.

കുലപ്പൂക്കളുടെ കല്യാണസൗഗന്ധികങ്ങൾ തേടിപ്പോകാതെ, സ്വയം വരിച്ച അരികുജീവിതത്തിൽ ആമഗ്നരായ തീരെ പുഷ്പ പ്രണയാതുരരല്ലാത്ത ആ പാവങ്ങളെ ഒരു പൂമ്പാറ്റയായേ അന്നത്തെ ബാല മനസ് കണക്കിലെടുത്തിരിക്കില്ല.

90 കളുടെ ആദ്യം കാവു പഠനത്തിനിടയിലാണ് കമലപ്പക്ഷിയുടെ കൂടു തേടി ഒപ്പം നടക്കെ
ജാഫർ പാലോട്ടിന് ശിഷ്യപ്പെട്ട് ശലഭ ലോകത്തെ പരിചയപ്പെട്ടു തുടങ്ങിയത്.

ഇംഗ്ലീഷ് വിളിപ്പേരുകളെ അന്നുണ്ടായിരുന്നുള്ളൂ. പിന്നീട് സീക്കിന്റെ ഉത്സാഹത്തിലാണ് പൂമ്പാറ്റയെ പേരു ചൊല്ലി വിളിച്ചത്.

‘നിഗർ’ എന്നായിരുന്നു അയ്യപ്പൻപാറ്റയുടെ ഇംഗ്ലീഷ് കോമൺ നയിം. കോളനീകരണക്കാലത്ത് സായിപ്പിട്ട ഈ പേരിൽ തന്നെയായിരുന്നു ഏതാനും ദശകം മുമ്പുവരെയും പ്രാണിശാസ്ത്രലോകം
ഈ ശലഭത്തെ വ്യവഹരിച്ചത്.

നിഗർ എന്നാൽ നീഗ്രോ – കാപ്പിരി – എന്നാണർത്ഥം. ചരിത്രപരമായും രാഷ്ട്രീയമായും നീതി കേടുണ്ട് ഈ വിളിയിൽ.

ഓർസോട്രയോയ് ന മെഡസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെട്ട നിഗർ മെഡസ്ബ്രൗൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു പിന്നീട്.

വിവേചനത്തിനെതിരെ ശാസ്ത്രത്തിന്റെ മാനവികതയുടെ ഒരു ലക്ഷണിക പ്രതിഫലനമായി ഇത്.
വെള്ളക്കറുമ്പനെന്നും കറുപ്പനെന്നും ഒക്കെ തന്നെയാണ് മലയാളത്തിൽ ഇന്ന് അതിനു പേര്.

ഗാന്ധിജിയുടെ പല്ലു കൊഴിച്ചിട്ട വെള്ളക്കാരന്റെ വർണോത്കൃഷ്ഠ ബോധം തന്നെയാണ്
ചക്കിപ്പരുന്തിന് പറയിക്കൈറ്റെന്നും കൃഷ്ണപ്പരുന്തിന് ബ്രാഹ്മിണി കൈറ്റെന്നും പേരിട്ടത്.

പട്ടികജാതി പീഡന നിയമപരിധിയിൽ വരുന്നതുകൊണ്ടൊന്നുമല്ല നേരത്തെ പറഞ്ഞ മാനവബോധം കൊണ്ടു തന്നെ, ശാസ്ത്രവും ജനാധിപത്യവത്കരിക്കപ്പെട്ടതു കൊണ്ടു തന്നെയാണ്
ഈ തിരുത്ത്.

പക്ഷെ നാമജപയാത്രയ്ക്കും തിരുവാഭരണ ഘോഷയാത്രക്കും മീതെ പറന്ന്
പുണ്യാഹം തെളിക്കേണ്ടതുകൊണ്ടാകാം ബ്രാഹ്മിണിക്കൈറ്റിന്റെ ബ്രഹ്മസ്വം ഒഴിവായിട്ടില്ല. ഇപ്പോഴും.

വള്ളത്തോളിന്റെ കവിതയിലെ തറവാടു കത്തിയാലും പറയരെക്കൊണ്ട്‌ കിണർ തൊട്ടശുദ്ധമാക്കിക്കാതെ ജാതിയെ രക്ഷിച്ച തറവാട്ടു നായർ അത്ര ശുദ്ധനൊന്നുമല്ലാതെ ഇവിടെയൊക്കെ തന്നെയുണ്ട്.

ഉമിത്തീയിലെ ചെമ്പൂച്ചക്ക് ഉത്തരത്തിൽ പിടികിട്ടാൻ നാലാമത്തേ ചാട്ടത്തിനൊന്നും കാത്തിരിക്കേണ്ട തുറന്നു വിട്ടാൽ ഇരുപത് മിനുട്ട് കൊണ്ട് കലാപം അടക്കാമെന്ന് ഗാന്ധി ചമഞ്ഞ ആ പ്രാന്തൻ ചെക്കന്‍റെ കാലത്തിന്.

സബർമതി ദൂരെയാണെന്നും നവ്ഖാലി സമീപത്താണെന്നും ഗാന്ധി പഠിച്ചത് മലയാളി ഹൗസിന്റെ സെറ്റിൽ നിന്നായിരുന്നില്ല.

ബ്രാഹ്മിണിപ്പരുന്തുകൾ ഇപ്പോഴും സകല പ്രിവിലേജുകളോടെയും പറക്കുകയാണ്. നമ്പൂതിരിയും നായരും സഫിക് സുകളായി ഇരുപത്തൊന്നാം ശതകത്തിലും തുടരുന്നു.

ജന്മി കനിഞ്ഞ് പേരു വിളിച്ച ബോളന്റയും പൊക്കന്റെയും കുട്ടികളെ കേരള നവോത്ഥാനം സ്കൂളിൽ ചേർത്തപ്പോൾ പേരിനു മുമ്പിൽ ഇനീഷ്യലായി തൂങ്ങിയ നമ്പൂരി മാഷും പൊതുവാളുമാഷും കനിഞ്ഞു നല്കിയ വീട്ടുപേരുകളിൽ ജാതി വേതാളത്തെപ്പോലെ കുടഞ്ഞാലും പോകാതെ തൂങ്ങിക്കിടന്നു.

ജയിലിൽ തൂങ്ങിച്ചത്ത സൗമ്യയുടെ വീട്ടു പേര് പോലെ ജാതി വെളിവാക്കുന്ന/വെളിവാക്കാനിഷ്ടപ്പെടാത്ത സ്വത്വത്തെ കുടഞ്ഞ് പുറത്തിടുന്നതാണ് കീഴാളന്റെ വീട്ടു പേരുകൾ.

നീചമായി കരുതിയത് അഭിമാനമായിത്തന്നെ അണിയാൻ ചിലരെങ്കിലും ഇന്ന് തയ്യാറായി വരുന്നത്-ജയരാജൻ തീയൻ മുതൽ രമ്യാ ഋതുമതി വരെയുള്ളവർ തയ്യാറാകുന്നതിലെ പ്രതിരോധം കാണാതെ പോകരുത്.

പൊളിറ്റിക്കലി കറക്ട് അല്ലാത്തതെല്ലാം തിരുത്തപ്പെടണം. മലയാളത്തിലെ പക്ഷി പുസ്തകത്തിലും പൂമ്പാറ്റ പുസ്തകത്തിലും ഒളിഞ്ഞു കിടക്കുന്ന പുതിയ കാലം ശ്ലീലമല്ലാതാക്കിയ ഇത്തരം പദങ്ങൾ ഇനി വരും പതിപ്പുകളിൽ തിരുത്തപ്പെടും എന്നു കരുതാം.

ഏറെ കാലത്തിനു ശേഷം മലക്കു പോകാൻ മാലയിട്ട ഒരു അയ്യപ്പൻ പാറ്റയെ കണ്ടു. കൂടെ അല്പം നരച്ച കരിന്തുണി ചുറ്റിയ അവന്‍റെ മാളികപ്പുറവുമുണ്ട്.

സാമിത്തുമ്പികളും ശരണാഗതരായി അടുത്തുണ്ട്. പൂമ്പാറ്റകൾക്കും തുമ്പികൾക്കും ഇത് നൈഷ്ടിക ബ്രാഹ്മചര്യകാലമേ അല്ല.

കാവി ചുറ്റിയ വല്ല ചിത്രകൻ പൂമ്പാറ്റയും തടയാൻ കാത്തു നില്ക്കുന്നുണ്ടാകുമോ ശലഭങ്ങളുടെ ശബരിമലയിൽ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News