ശബരിമല കയറാനൊരുങ്ങിയ കവിതയും രഹനയും മേരിയും മടങ്ങി; സംരക്ഷണം നല്‍കിയവര്‍ക്ക് നന്ദിയുണ്ടെന്ന് കവിത; ഇത്രയെങ്കിലും പോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രഹന

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് ആന്ധ്ര സ്വദേശി കവിത.

കിലോമീറ്ററുകളോളം തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയവര്‍ക്ക് നന്ദി. പൊലീസ് സംരക്ഷണത്തില്‍ ശബരിമല സന്നിധാനത്തിന് 100 മീറ്റര്‍ അടുത്തെത്തിയിരുന്നു.

എന്നാല്‍ അവിടെ ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. സന്നിധാനത്തിലേക്ക് തങ്ങള്‍ പ്രവേശിക്കുകയാണെങ്കില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് കോട്ടംതട്ടും എന്ന നിലയുള്ളതിനാലാണ് അയപ്പനെ ദര്‍ശിക്കാതെ തിരിച്ചിറങ്ങിയതെന്നും കവിത മാധ്യമങ്ങളോടു പറഞ്ഞു.

സ്ഥിതിഗതികള്‍ മനസിലാക്കിയാണ് മല തിരിച്ചിറങ്ങിയതെന്ന് കൊച്ചി സ്വദേശി രഹ്ന ഫാത്തിമ പറഞ്ഞു.

കൂടുതല്‍ മുമ്പോട്ട് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യം അതിനനുവദിക്കാത്തതിനാലണ് തിരിച്ചിറങ്ങിയത്. കുട്ടികളുടെ ജീവന് വിലകല്‍പ്പിക്കുന്നുണ്ട് അതുകൊണ്ടാണ് മടങ്ങുന്നത്. ഇത്രയെങ്കിലും പോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. താന്‍ ഒരു തരത്തിലുമുള്ള ആചാര ലംഘനമോ നിയമലംഘനമോ നടത്തിയിട്ടില്ലെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയും മടങ്ങി. മലകയറാന്‍ ഒറ്റക്കാണ് ഇവരെത്തിയത്.

വിശ്വാസിയാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ് മലകയറുന്നതെന്നും അവര്‍ പറഞ്ഞു. വിദ്യാരംഭ ദിനമായ ഇന്നുതന്നെ അയ്യപ്പനെ കാണണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News