ദിലീപ് ‘അമ്മ’യില്‍ നിന്ന് രാജിവച്ചെന്ന് മോഹന്‍ലാല്‍; രാജി ചോദിച്ചുവാങ്ങിയത്; മൂന്നു നടിമാര്‍ ‘അമ്മ’യ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു; ആരോപണങ്ങള്‍ വ്യക്തിപരമായി ഉന്നയിക്കപ്പെടുന്നെന്നും മോഹന്‍ലാല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതായി പ്രസിഡന്റ് മോഹന്‍ലാല്‍.

കഴിഞ്ഞ പത്താം തീയതിയാണ് താന്‍ ആവശ്യപ്പെട്ട പ്രകാരം ദിലീപ് രാജിവച്ചതെന്നും രാജി താന്‍ ചോദിച്ചു വാങ്ങിയതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മൂന്നു നടിമാര്‍ സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആരോപണങ്ങളുടെ നടുവില്‍ അമ്മയുടെ പ്രസിഡന്റായിരിക്കുന്നതില്‍ ഒട്ടും സംതൃപ്തനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ല ആരോപണങ്ങള്‍ വരുന്നത്. വ്യക്തിപരമായാണ് ഉന്നയിക്കപ്പെടുന്നത്. അതില്‍ വലിയ വിഷമമുണ്ട്. കേരളത്തിന് പുറത്ത് വരുന്ന വാര്‍ത്തകള്‍ മോഹന്‍ലാല്‍ ആണ് കുറ്റക്കാരന്‍ എന്ന തരത്തിലാണ്.

അത് വളരെ വിഷമിപ്പിക്കുന്നുണ്ട്. സംഘടനയുടെ പേരില്‍ താനാണ് അടികൊള്ളുന്നത്. ഈ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെങ്കില്‍ ഒഴിയുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ആരോപണങ്ങള്‍ വ്യക്തിപരമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്ന് നടിമാര്‍ എന്ന് വളിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മൂന്നുനടിമാര്‍ നല്‍കിയ പരാതിയെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അതിന് മൂന്ന് നടിമാര്‍ തന്ന പരാതിയില്‍ എന്ന് മറുപടി പറഞ്ഞുവെന്നേയുള്ളൂ.

അമ്മയില്‍ ഉള്ളവരെല്ലാം നടന്‍മാരും നടിമാരുമല്ലേ. തമിഴില്‍ സംഘടനയുടെപേര് തന്നെ നടികര്‍സംഘം എന്നല്ലെ. രേവതിയായി എത്രനാളത്തെ ബന്ധമാണുള്ളത്. അതുപോലെ പാര്‍വ്വതിയും പത്മപ്രിയയുമായി എത്രയോ സിനിമകളില്‍ സഹകരിച്ചിരിക്കുന്നു. എല്ലാവരുമായി വളരെ നല്ല ബന്ധമാണുള്ളത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം ചോദിച്ചിരുന്നു. അല്ലാതെ അവ പരിഗണിക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഒറ്റക്ക് തിരുമാനമെടുക്കാനാവില്ല. എക്‌സിക്യൂട്ടീവുമായി ആലോചിച്ചേ എന്തെങ്കിലും തിരുമാനമെടുക്കാന്‍ കഴിയൂയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയില്‍ പരാതികള്‍ പറയാന്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. രാജിവെച്ചു പോയവരെ തിരിച്ചെടുക്കാന്‍ ഒരു അപേക്ഷ നല്‍കാനാണ് ആവശ്യപ്പെട്ടത്. അല്ലാതെ അവരെ തിരിച്ചെടുക്കില്ലെന്നൊന്നും പറഞ്ഞിട്ടില്ല. അവരെ തിരിച്ചെടുക്കാന്‍ ജനറല്‍ ബോഡി വിളിക്കേണ്ട കാര്യമില്ല. മാപ്പ് പറയണമെന്ന് കെപിഎസി ലളിത പറഞ്ഞത് കാര്യമാക്കേണ്ട. കാലം മാറിയില്ലെ. ഇക്കാര്യം കെപിഎസി ലളിതയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജഗദീഷ് താനുമായി ആലോചിച്ചാണ് വാര്‍ത്താകുറിപ്പിറക്കിയത്. സിദ്ദിഖ് വാര്‍ത്താസമ്മേളനം നടത്തിയതും അറിയിച്ചിട്ട് തന്നെ. വരും നാളുകളില്‍ ഔദ്യോഗിക വക്താവിനെ നിയമിക്കും.

അതേ സമയം, സംഘടനാ വിവരങ്ങള്‍ കൈമാറുന്ന വാട്‌സ്ആപ് സന്ദേശം ചോര്‍ത്തിയത് തെറ്റാണെന്നും മുകേഷിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News