”ഞാന്‍ വ്രതം എടുത്തുവന്ന വിശ്വാസി; എനിക്ക് ശബരിമല കയറണം”; തീരുമാനത്തിലുറച്ച് മഞ്ജു; ആക്രമണമുന്നറിയിപ്പുമായി ആര്‍എസ്എസും ബിജെപിയും

പത്തനംതിട്ട: ശബരിമല കയറാന്‍ മറ്റൊരു യുവതി കൂടി പമ്പയില്‍ എത്തി.

കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് ദര്‍ശനത്തിനായെത്തിയത്. പമ്പ സ്‌റ്റേഷനില്‍ എത്തിയ മഞ്ജു പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു. എ.ഡി.ജി.പി അനില്‍കാന്ത്, ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയുമായി ചര്‍ച്ച നടത്തി.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. താന്‍ വിശ്വാസിയാണെന്നും വ്രതമെടുത്താണ് അയ്യപ്പനെ കാണാന്‍ എത്തിയതെന്നും മല കയറണം എന്ന തീരുമാനത്തില്‍ തന്നെയാണ് താനെന്നും മഞ്ജു പറഞ്ഞു.

100 പേരടങ്ങുന്ന സംഘമാണ് മഞ്ജുവിന് സുരക്ഷ ഒരുക്കുന്നത്. പമ്പയിലും കാനനപാതയിലും സന്നിധാനത്തും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വനിതാ പൊലീസിന്റെ ഒരു ബറ്റാലിയനും പമ്പയില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.

ഇതിനിടെ നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. എഎന്‍ രാധാകൃഷ്ണന്‍, ജെആര്‍ പത്മകുമാര്‍ തുടങ്ങി പത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസെത്തി ഇവരെ അറസ്റ്റു ചെയ്തത്.

18ന് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here