”പാതിരാത്രി സംവിധായകന്‍ മുറിയില്‍ തുടര്‍ച്ചയായി മുട്ടിവിളിച്ചു; നിര്‍മാതാവിനോ സംവിധായകനോ നായകനോ വേണ്ടി അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ചോദിക്കുക”; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ശ്രീദേവിക

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയില്‍ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച വിവരം അംഗമായ തന്നെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് നടി ശ്രീദേവിക.

ശ്രീദേവികയുടെ വാക്കുകള്‍:

12 വര്‍ഷംമുമ്പ് താന്‍ താമസിച്ച ഹോട്ടല്‍മുറിയില്‍ രാത്രി ആരോ തുടര്‍ച്ചയായി മുട്ടിവിളിച്ചു. റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ അപ്പോള്‍ താന്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സംവിധായകനായിരുന്നു അതെന്ന് മനസ്സിലായി.

ഒപ്പം അഭിനയിച്ച താരത്തിന്റെ സഹായത്തോടെ അമ്മയും താനും താരത്തിന്റെ റൂമിനരികിലേക്ക് മാറിയശേഷമാണ് ശല്യം ഇല്ലാതായതെന്നും അതിനുശേഷം സെറ്റില്‍ മോശമായാണ് സംവിധായകന്‍ പെരുമാറിയിരുന്നതെന്നും നടി പറയുന്നു.

സംഘടനയില്‍ പരാതി പറയാന്‍ എന്തെങ്കിലും സംവിധാനമുണ്ടോയെന്ന് അറിയാത്തതിനാല്‍ എല്ലാം സഹിച്ചു. പ്രതിഫലം മുഴുവനും കിട്ടാതെ വന്നപ്പോള്‍ സംഘടനയുടെ സെക്രട്ടറിയെ വിളിച്ചു. എന്നാല്‍, നമ്മളെല്ലാം ഒരു കുടുംബംപോലെ കഴിയുന്നവരല്ലേയെന്നും പരാതി ഉയര്‍ത്തിയാല്‍ അവസരങ്ങള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഫലം മുഴുവന്‍ ലഭിക്കാതെ അഭിനയിക്കില്ലെന്ന നിലപാടെടുത്തപ്പോള്‍ സെറ്റില്‍ ചെല്ലാന്‍ അദ്ദേഹം പറഞ്ഞു.

നിര്‍മാതാവിനോ സംവിധായകനോ നായകനോ ഒക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിക്കുമ്പോള്‍ ചോദിക്കുക. അതും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കുന്നതിനുമുമ്പ്. തനിക്ക് അവസരങ്ങള്‍ കുറഞ്ഞത് അഡ്ജസ്റ്റ് ചെയ്യാന്‍ നിന്നുകൊടുക്കാത്തതുകൊണ്ടാണ്.

സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനം കണ്ട ഉടന്‍ ഈ അനുഭവങ്ങള്‍ വിശദീകരിച്ച് കത്തെഴുതിയിരുന്നു. എന്നാല്‍, അതിന് ഇതുവരെ മറുപടി ലഭിച്ചില്ല. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ ഈ വിഷയങ്ങള്‍ വളരെ നിസ്സാരവല്‍ക്കരിക്കുകയാണെന്ന് തോന്നി. അവര്‍ എന്തൊക്കെയോ ഒളിക്കുന്നതുപോലെ.

അച്ചടക്കസമിതിയുടെ കീഴില്‍ സ്ത്രീകളുടെ സെല്‍ രൂപീകരിക്കുമെന്നുമാത്രമാണ് കഴിഞ്ഞ ജനറല്‍ബോഡിയില്‍ രേഖപ്പെടുത്തിയത്. പിന്നെ എപ്പോഴാണ് ഈ കമ്മിറ്റി ഉണ്ടായതെന്ന് അറിയണം. ഇത് ചോദിക്കുന്നത് ആരെയും അപമാനിക്കാനല്ല.

നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ മാറാനും മറ്റുള്ളവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ പുറത്തുപറയാന്‍ ധൈര്യമുണ്ടാകാനും വേണ്ടിയാണെന്നും ശ്രീദേവിക ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News