അഹിന്ദുക്കള്‍ ശബരിമലയില്‍; ബിജെപി നിലപാട് വ്യക്തമാക്കാത്തത് മുതലെടുപ്പ് മുന്നില്‍കണ്ട്

ദില്ലി: അഹിന്ദുക്കള്‍ ശബരിമലയില്‍ കയറുന്നതില്‍ ബിജെപി നിലപാട് വ്യക്തമാക്കാത്തത് മുതലെടുപ്പ് മുന്നില്‍കണ്ട്. അഹിന്ദുക്കള്‍ ശബരിമലയില്‍ കയറുന്നത് തുടരട്ടെ എന്ന് പറയാന്‍ ബിജെപി തയ്യാറാകാത്തത് ശബരിമലയില്‍ പുതിയ കലാപ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി.

ശബരിമലയില്‍ സകല ജാതിമതസ്ഥരും കയറുന്നതിനെ പിന്തുണയ്ക്കുന്നതാണ് നാളിതുവരെയുള്ള നാടിന്റെ പാരമ്പര്യം. എന്നാല്‍ ശബരിമലയില്‍ അഹിന്ദുകള്‍ കയറരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ എത്താന്‍ ഇരിക്കെ വിഷയത്തില്‍ ബിജെപി വ്യക്തമായ നിലപാട് പറയാത്തത് മുതലെടുപ്പ് മുന്നില്‍കണ്ടാണ്.

അഹിന്ദുകള്‍ കയറുന്നതില്‍ നിലപാടെന്തെന്ന ചോദ്യത്തിന് ബിജെപി നേതാവ് പികെ കൃഷ്ണ ദാസ് പറഞ്ഞത് കോടതിയില്‍ എത്തുന്ന സമയത്ത് നിലപാട് പറയാം എന്നായിരുന്നു. ശബരിമല വിഷയത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ തങ്ങളോട് സഹകരിക്കുന്നു എന്നാണ് ബിജെപിയുടെ അവകാശവാദം.

അങ്ങനെ എങ്കില്‍ എന്തുകൊണ്ട് വ്യക്തമായും കൃത്യമായും അഹിന്ദുക്കള്‍ ശബരിമല കയറുന്നത് തുടരട്ടെ എന്ന് ബിജെപിക്ക് പറയാന്‍ സാധിക്കുന്നില്ല ? ഉത്തരം വ്യക്തമാണ് അഹിന്ദുക്കള്‍ പ്രവേശിക്കുന്നതിലും ബിജെപിക്ക് വിയോജിപ്പുണ്ട്.

സംഘപരിവാര്‍ ബന്ധമുള്ള അഖില ഭാരതീയ അയ്യപ്പ പ്രചാര സഭയെ കൊണ്ട് അഹിന്ദു പ്രവേശനത്തെ എതിര്‍ത്ത് സുപ്രീംകോടതിയെ സമീപിക്കുന്നതും ഇതുകൊണ്ടുതന്നെ.

യുവതി പ്രവേശന വിഷയത്തിന് പിന്നാലെ ശബരിമലയില്‍ അഹിന്ദുകള്‍ കയറരുതെന്ന പുതിയ കലാപ വിഷയവും ബിജെപി ഉയര്‍ത്തികൊണ്ടുവരും. സര്‍വമതസ്ഥരും ശബരിമലയില്‍ കയറട്ടെ എന്ന് ബിജെപി പറയാത്തതും ഇത് മുന്നില്‍കണ്ടാണ്.

മതേതരത്വത്തിന്റെ മഹത്തായ പ്രതീകമായ ശബരിമലയെ മുതലെടുപ്പ് രാഷ്ട്രീയത്തിനായി തുടര്‍ച്ചയായി ഉപയോഗിക്കാന്‍ തന്നെയാണ് ബിജെപി തീരുമാനം. പിന്നെ നിലപാട് പറയാം എന്ന ബിജെപിയുടെ അഭിപ്രായം കലാപത്തിനുള്ള സൗകര്യപൂര്‍വമുള്ള കാത്തിരിപ്പിന്റെ ഭാഗം മാത്രമായേ കാണാനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here