പ്രേരണകുമാരിയുടെ ആർഎസ‌്എസ‌് ബന്ധത്തിന‌് കൂടുതൽ തെളിവ‌്; ആർഎസ‌്എസ‌് വനിതാ വിഭാഗം നേതാക്കള്‍ക്കൊപ്പം മകരസംക്രാന്തി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

ന്യൂഡൽഹി: ശബരിമല സ‌്ത്രീപ്രവേശം ആവശ്യപ്പെട്ട‌് സുപ്രീംകോടതിയിൽ കേസിന‌് തുടക്കമിട്ട പ്രേരണകുമാരിയുടെ ആർഎസ‌്എസ‌് ബന്ധത്തിന‌് കൂടുതൽ തെളിവുകൾ. കഴിഞ്ഞ ജനുവരി 14ന‌് ആർഎസ‌്എസ‌് വനിതാ വിഭാഗമായ രാഷ്ട്രസേവിക സമിതിയുടെ പ്രമുഖ നേതാക്കൾക്കൊപ്പം പ്രേരണകുമാരി മകരസംക്രാന്തി ആഘോഷിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. ഡൽഹിയിൽ ആർഎസ‌്എസ‌് ആസ്ഥാനത്തായിരുന്നു ആഘോഷം.

ആർഎസ‌്എസ‌് വനിതാ ബൗദ്ധികവിഭാഗം സംഘാടകസമിതി അംഗവും ബിജെപി ഹരിയാന ലീഗൽസെൽ എക‌്സിക്യൂട്ടീവ‌് അംഗവുമായ മമത റാണിയാണ‌് മകരസംക്രാന്തി ആഘോഷത്തിന്റെ ചിത്രം ഫെയ‌്സ‌്ബുക്കിൽ ഷെയർചെയ‌്തിരിക്കുന്നത‌്.

പ്രേരണകുമാരിക്ക‌ു പുറമെ രാഷ്ട്രസേവിക സമിതി പ്രവർത്തകരായ റൂബി ശർമ, നിഷ റാണി എന്നിവരും ചിത്രത്തിലുണ്ട‌്. രാഷ്ട്രസേവിക സമിതി അധ്യക്ഷ ശാന്ത അക്കാജിയുമായി മകരസംക്രാന്തി ആഘോഷിക്കാൻ കഴിഞ്ഞത‌ിൽ അഭിമാനിക്കുന്നുവെന്നും ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിലുണ്ട‌്.

ചിത്രത്തിൽ പ്രേരണകുമാരിക്കൊപ്പമുള്ള നിഷ റാണി, കേന്ദ്രമന്ത്രിമാരായ പ്രകാശ‌് ജാവദേക്കർ, സ‌്മൃതി ഇറാനി എന്നിവരുമായി പൊതുചടങ്ങുകളിൽ വേദി പങ്കിടുന്നതിന്റെ ചിത്രം ഷെയർ ചെയ‌്തിട്ടുണ്ട‌്. ഡൽഹി ദേശബന്ധു കോളേജിൽ അധ്യാപികയായ റൂബി മിശ്രയുടെ ഫെയ‌്സ‌്ബുക്ക‌് പോസ്റ്റുകൾ സംഘപരിവാർ ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ‌്.

പ്രേരണകുമാരിയുടെ ഭർത്താവ‌് സിദ്ധാർഥ‌് ശംഭു ആർഎസ‌്എസിന്റെ സജീവ പ്രവർത്തകനാണ‌്. ഇക്കാര്യം നേരത്തെ മാധ്യമങ്ങൾവഴി പുറത്തുവന്നപ്പോൾ ഭർത്താവിന്റെ രാഷ്ട്രീയത്തെ തന്റെ പ്രവർത്തനമേഖലയുമായി കൂട്ടിക്കലർത്തരുതെന്നും താൻ സ്വതന്ത്ര ചിന്താഗതിക്കാരിയാണെന്നും പ്രേരണകുമാരി അവകാശപ്പെട്ടിരുന്നു.

ഇത‌് ശുദ്ധനുണയാണെന്ന‌് വ്യക്തമാക്കുന്നതാണ‌് പുതിയ തെളിവുകൾ. അതേസമയം, പ്രേരണകുമാരി 2018ലെ ഫെയ‌്സ‌്ബുക്ക‌് പോസ്റ്റുകൾ കഴിഞ്ഞദിവസങ്ങളിലായി ഡിലീറ്റ‌് ചെയ‌്തു. ഇവരുടെ ആർഎസ‌്എസ‌് ബന്ധം മാധ്യമങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയതോടെയാണിത‌്.

യങ‌് ലോയേഴ‌്സ‌് അസോസിയേഷന്റെ പേരിൽ പ്രേരണകുമാരി ഉൾപ്പെടെ അഞ്ച‌് വനിതാ അഭിഭാഷകരാണ‌് 2006ൽ ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക‌് പ്രവേശം ആവശ്യപ്പെട്ട‌് ഹർജി നൽകിയത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News