സിബിഐയില്‍ തമ്മിലടി മുറുകുന്നു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് എതിരെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കേന്ദ്ര ക്യാമ്പിനറ്റ് സെക്രട്ടറിയ്ക്ക് പരാതി നല്‍കി. അഴിമതി കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഡയറ്കടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്ന് പരാതി.

അതേ സമയം രാകേഷ് അസ്താനക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐ ആറിലെ വിവരങ്ങള്‍ പുറത്തായി.പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വച്ച് സിബിഐ സെപ്ഷ്യല്‍ ഡയറക്ടര്‍ കൈക്കൂലി വാങ്ങിയെന്നും മൊഴി.

സിബിഐ ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും തമ്മിലുള്ള തര്‍ക്കം പരിധി ലംഘിച്ച് പരസ്പരം പരാതി നല്‍കലും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും എത്തി നില്‍കുന്നു. മോദിയുടേയും അമിത്ഷായുടേയും വിശ്വസത്‌നായ സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനക്കെതിരെ മൊയിന്‍ ഖുറേഷി അഴിമതി കേസില്‍ സിബിഐ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പിന്നാലെ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ അസ്താന കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയുടെ വിവരങ്ങളും പുറത്തായി.

മൊയിന്‍ ഖുറേഷി അഴിമതി കേസിലെ പ്രധാന പ്രതി സതീഷ് ബാബു സനയെ ചോദ്യം ചെയ്യരുതെന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചതായി രാകേഷ് അസ്താന കേന്ദ്ര കാബിനറ്റ് സെക്രട്ടറിയ്ക്ക് ആഗസ്ത് 24ന് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടുന്നു.ഈ സതീഷ് ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് എതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനും സിബിഐ കൈമാറി.സിബിഐയിലെ ഒന്നാമനും രണ്ടാമനും തമ്മലുള്ള തര്‍ക്കം അതിര് വിട്ടിട്ടും പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡയറക്ടറുടെ അധികാരം മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതാണ് പ്രശ്‌നം വഷളാക്കിയതെന്നും കേന്ദ്ര സര്‍ക്കാരിലെ ചില ഉന്നതകേന്ദ്രങ്ങള്‍ ചൂണ്ടികാട്ടുന്നു.

രാകേഷ് അസ്താനക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൊയിന്‍ ഖുറേഷി അഴിമതി കേസിലെ എഫ്.ഐ.ആര്‍ വിവരങ്ങളും പുറത്തായി.ഒക്‌ടോബര്‍ നാലിന് മജിസ്‌ട്രേറ്റിന് മുമ്പില്‍ കേസിലെ പ്രധാന പ്രതി മൊഴി നല്‍കി.ഇത് പ്രകാരം രാകേഷ് അസ്താന 2017 ഡിസംബര്‍ 13ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വച്ച് ഒരു കോടി 95 ലക്ഷം രൂപകൈമാറി. ദുബായില്‍ വച്ച് ദര്‍ഹമായും കൈക്കൂലി പണം കൈമാറിയെന്നും മൊഴിയിലുണ്ട്.