ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശിലെയും മുന്‍ മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയുടെ സംസ്ക്കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് മുന്നിലിരുന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നു.

ആദരാഞ്ജലി അര്‍പ്പിക്കാനായി തിവാരിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിലെത്തിച്ചപ്പൊ‍ഴായിരുന്നു യോഗി ആദിത്യനാഥിന്‍റെ അനവസരത്തിലുള്ള തമാശ.

ബിഹാര്‍ ഗവര്‍ണര്‍ ടണ്ഡനാണ് മുഖ്യമന്ത്രിക്കൊപ്പം മുന്‍നിരയില്‍ലുണ്ടായിരുന്നത്. തൊട്ടടുത്ത് മന്ത്രിമാരായ മൊഹസിന്‍ റാസയും അശുതോഷ് ടണ്ഠനും. പുറകോട്ടു തിരിഞ്ഞ് മന്ത്രിമാരോട് എന്തോ കാര്യം മുഖ്യമന്ത്രി സംസാരിക്കുന്നതും പിന്നീട് എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

തിവാരിയുടെ മൃതദേഹ പേടകത്തിന് തൊട്ടടുത്തിരുന്നാണ് ഇവരുടെ പൊട്ടിച്ചിരി. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തി. ഇതാണ് ബി.ജെ.പിയുടെ യഥാര്‍ഥ മുഖമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു.

മുതിര്‍ന്ന ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയുടെ മരണാന്തര ചടങ്ങിനിടയിലും ലക്നൗവില്‍ സമാന സംഭവമുണ്ടായിരുന്നു.