വിദ്യാര്‍ത്ഥിനിക്ക് ആർഎസ്എസ് മർദനം; മർദനം ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന്

വൈക്കം : ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്ക്‌ പോസ്റ്റിട്ട വിദ്യാർത്ഥിനിയെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ കയറി ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമിച്ചു. കുലശേഖരമംഗലം കോട്ടപ്പള്ളി ചന്ദ്രന്റെ മകൾ അപർണ്ണ(20)ക്കാണ് മർദ്ദനമേറ്റത്.

വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ അപർണ്ണ വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തിയത്.

എറണാകുളം ഇടപ്പള്ളി സ്റ്റാസ് കോളേജിലെ മൂന്നാം വർഷ സൈബർ ഫോറൻസിക്ക് വിദ്യാർത്ഥിനിയാണ് അപർണ. ശബരിമലയിൽ സുപ്രിം കോടതി വിധി അനുസരിച്ച് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് പെൺകുട്ടി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഇതിനെതിരെ നിരവധി ആർഎസ്എസുകാർ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കുകയും തെറിയഭിഷേകം നടത്തുകയും ചെയതു.

ഇതിൽ ഭയപ്പെട്ട് അപർണ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് അപർണ്ണ വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തിയത്.

കുലശേഖരമംഗലം സ്വദേശികളും ഇപ്പോൾ വൈക്കം കിഴക്കേനടയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനീഷ്, വിപിൻ എന്നിവർ ചേർന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

ഇവർ പെൺകുട്ടിയുടെ കരണത്തടിക്കുകയും നടുവിന് തൊഴിക്കുകയും ചെയ്തു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ഭക്തജനങ്ങൾ ഓടിക്കൂടിയപ്പോൾ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാലയും അപഹരിച്ചാണ് ക്രിമിനൽ സംഘംകടന്നത്. ഇതിനെല്ലാ സഹായവും ചെയ്ത് ഇവരുടെ അമ്മ പ്രസന്നയും കുട്ടിയെ മർദ്ദിക്കുന്നത്‌ കണ്ടുനിന്നു.

മർദ്ദനത്തെ തുടർന്ന് അവശയായ പെൺകുട്ടി വൈക്കം പൊലീസ് സ്റ്റേഷനിലെ വനിത സെല്ലിലെത്തി വിവരം പറഞ്ഞിട്ടും പരാതി സ്വീകരിച്ചില്ല എന്നും ആക്ഷേപമുണ്ട്.

തുടർന്ന് സിപിഐ എം നേതാക്കൾ ഇടപെട്ടാണ് പെൺകുട്ടിയെ വൈക്കം താലൂക്ക് ഗവ.ആശുപത്രിയിൽ എത്തിച്ചത്. വൈക്കം പോലീസ് അപർണ്ണയിൽ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here