ശബരിമലയില്‍ ആചാര ലംഘനത്തിന് നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ആചാര ലംഘനത്തിന് നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് ഹൈക്കോടതി.

തന്ത്രിയുടെ അനുമതിയോടെ രണ്ട് വര്‍ഷം മുന്‍പ് സുനില്‍ സ്വാമിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് പൂജ നടത്തിയത് ആചാരലംഘനമാണന്ന് ചൂണ്ടിക്കാട്ടിയുള്ള ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ട് പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം. ആചാരലംഘനത്തിന് ബോര്‍ഡ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് കമ്മീഷ്ണറുടെ റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു.

2016ലാണ് സംഭവം. കൊടിമര പ്രതിഷ്ഠക്ക് ശേഷം പിറ്റേന്ന് വൈകീട്ടാണ് നട തുറക്കേണ്ടിയിരുന്നത്. എന്നാല്‍ പാലക്കാട് സ്വദേശിയായ സുനില്‍ സ്വാമിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ അന്ന്തന്നെ സന്നിധാനത്ത് പ്രവേശിച്ച് പൂജ നടത്തിയിരുന്നു. തന്ത്രിയുടെ അനുമതിയോടെയായിരുന്നു ഇത്.

ഹൈക്കോടതി നിയോഗിച്ച ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഇത് ആചാരലംഘനമാണന്ന് കണ്ടെത്തി. ആചാര ലംഘനം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

ഇത് കൂടാതെ സോപാനത്തില്‍ ഇടയ്ക്ക വായിക്കാന്‍ നടന്‍ ജയറാമിന് തന്ത്രി അനുമതി നല്‍കിയതും ആചാരലംഘനമാണന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേവസ്വം ബോര്‍ഡ് നിയമിച്ച ഇടയ്ക്ക വാദകനെ ഒഴിവാക്കി ജയറാമിന് ഇടക്ക വായിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നും ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിനു കാരണമായി.

ആചാരലംഘനം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ട് പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ പ്രധാന പരാമര്‍ശം. ശബരിമലയില്‍ ആചാര ലംഘനത്തിന് നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡ്തന്നെയാണെന്ന് കോടതി വ്യക്തമാക്കി.

ആചാര ലംഘനത്തിന് കാരണക്കാരായ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പടെ 4 ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തിയെന്നും ഒരാളെ കുറ്റവിമുക്തനാക്കിയെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

ബോര്‍ഡ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് കമ്മീഷണറുടെ റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News