ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബവും; ഫാ. കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പഞ്ചാബ് പൊലീസില്‍ വിശ്വാസമില്ലെന്നും സഹോദരന്‍

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസില്‍ മൊഴിനല്‍കിയ ചേര്‍ത്തല സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറ ജലന്ധറില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ ജോസും കുടുംബവും.

ഫ്രാങ്കോയുടെ അനുയായികളില്‍നിന്ന് നിരന്തരം ഭീഷണിയും ആക്രമണവും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം അഭ്യര്‍ഥിച്ചും ജോസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെയാണ് ഫാ. മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ സഹോദരന്റെ മരണവിവരം ഫോണില്‍ അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു.

മരണകാരണം ആരാഞ്ഞപ്പോള്‍ പിന്നീട് വിശദമായി പറയാമെന്ന് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന് മാധ്യമങ്ങളില്‍നിന്ന് മരണം ദുരൂഹമെന്നറിഞ്ഞു. ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗംചെയ്തുവെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഫാ. കുര്യാക്കോസ് മൊഴിനല്‍കിയിട്ടുണ്ട്.

അന്വേഷണഘട്ടത്തില്‍ ബിഷപ്പിന്റെ അനുയായികളില്‍നിന്ന് നിരന്തരം ഭീഷണി ഉണ്ടാവുകയും കാര്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ജലന്ധറിലെ വീട് ആക്രമിക്കുകയുംചെയ്തു. ഇതിനെതിരെ അവിടുത്തെ പൊലീസില്‍ പരാതിപ്പെട്ടു. സാക്ഷികളെ ഭീഷണിയിലൂടെയും മറ്റും സ്വാധീനിക്കാന്‍ ബിഷപ്പിന്റെ ബന്ധുക്കളും അനുയായികളും നിരന്തരം ശ്രമിച്ചു.

മൂന്ന് ദിവസംമുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍ ബിഷപ്പിന്റെ അനുയായികളില്‍നിന്ന് ഭീഷണിയുണ്ടെന്നും ജീവന്‍ അപകടത്തിലാകുമെന്ന് ഭയക്കുന്നതായും സഹോദരന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത സഹോദരന്റെ പൊടുന്നനെയുള്ള മരണം സംശയാസ്പദമാണെന്നും പഞ്ചാബ് അധികാരികള്‍ മുഖേന നിയമനടപടിക്ക് അടിയന്തരമായി ഇടപെടണമെന്ന് ജോസ് പരാതിയില്‍ അഭ്യര്‍ഥിച്ചു. പൊതുമരാമത്ത്ഭക്ഷ്യ മന്ത്രിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതിയുടെ പകര്‍പ്പ് നല്‍കി.

മന്ത്രി ജി സുധാകരന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എന്‍ ബാലഗോപാല്‍ എന്നിവരെ ജോസും കുടുംബവും സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News