ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി നവംബര്‍ 13 ന് പരിഗണിക്കും

ദില്ലി: ശബരിമല വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതി നവംബര്‍ 13ന് പരിഗണിക്കും. പുഃനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഒന്നിച്ച് തുറന്ന കോടതിയില്‍ പരിഗണിക്കുമോ എന്നതില്‍ കോടതി വ്യക്തത വരുത്തിയിട്ടില്ല.

ശബരിമല വിഷയത്തില്‍ യാഥാര്‍ത്ഥ അയ്യപ്പ ഭക്തരുടെ വാദങ്ങള്‍ കോടതി കേട്ടിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കണമെന്നായിരുന്നു റിട്ട് ഹര്‍ജികളിലെ ആവശ്യം. സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും പുഃനപരിശോധനാ ഹര്‍ജികളും നവംബര്‍ 13 വൈകുന്നേരം 3 മണിക്ക് പരിഗണിക്കും.

പുഃനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഒന്നിച്ച് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകന്‍ മാത്യുസ് നെടുമ്പാറ പറഞ്ഞു. റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് ശബരിമല വിധി പുഃനപരിശോധനയ്്ക്കായി വിശാല ബെഞ്ചിന് വിടണമോയെന്ന്് നിശ്ചയിക്കും.

ശബരിമല വിധിക്ക് കാരണം ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള റിട്ട് ഹര്‍ജിയായിരുന്നു. അതിനാല്‍ ആ ഹര്‍ജിയിന്‍മേലുണ്ടായ വിധിയെ ചോദ്യം ചെയ്ത് മറ്റൊരു റിട്ട് ഹര്‍ജിക്ക് നിലനില്‍പ് ഉണ്ടോ എന്ന നിയമ പ്രശ്‌നത്തിന് കൂടി ഹര്‍ജി പരിഗണിക്കവെ കോടതി് വ്യക്തത വരുത്തേണ്ടിവരും.

ശബരിമല വിധിയില്‍ ഗൗരവതരമായ പാളിച്ച ഉണ്ടായെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ മാത്രമേ വിധി പൂഃനപരിശോധിക്കപ്പെടാന്‍ സാധ്യതയുള്ളുവെന്ന് അഭിഭാഷകന്‍ കാളീശ്വരം രാജ് പറഞ്ഞു. നിലവില്‍ 19 പുഃനപരിശോധനാ ഹര്‍ജികളും 2 റിട്ട് ഹര്‍ജികളും കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പുഃനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും കോടതിയില്‍ ഫയല്‍ ചെയ്യാനാണ് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here