കൈക്കൂലി കേസില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയ്ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ച് സിബിഐ; മകളുടെ വിവാഹത്തെക്കുറിച്ചും അന്വേഷണം

ദില്ലി: കൈകൂലി കേസില്‍ പ്രതിയായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയത് 5000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ ഗുജറാത്ത് വ്യവസായിയുടെ ഫാം ഹൗസില്‍.2016ല്‍ ഗുജറാത്തില്‍ നടന്ന വിവാഹ ചടങ്ങുകളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു.

അതേ സമയം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സിബിഐ ജോയിന്റ് ഡയറക്ടര്‍ എ.കെ.ശര്‍മ്മക്കെതിരെ രാകേഷ് അസ്താന കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി.

അസാധാരണ സംഭവികാസങ്ങളാണ് സിബിഐയില്‍ നടക്കുന്നത്.മൊയിന്‍ ഖുറേഷി കൈകൂലി കേസില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി ദില്ലി സിബിഐ ആസ്ഥാനത്ത് സിബിഐ തന്നെ നടത്തിയ റെയ്ഡിന് പിന്നാലെ രാകേഷ് അസ്താനയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായ സിബിഐ സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഗുജറാത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചു.

2008 മുതല്‍ 2011 വരെ വഡോദര പൊലീസ് കമ്മീഷണര്‍ ആയിരുന്നു അസ്താന. 2016 നവംബര്‍ 24,25 തിയതികളിലായ ഗുജറാത്തില്‍ നടന്ന രാകേഷ് അസ്താനയുടെ മകളുടെ വിവാഹത്തിന് ചിലവ് വഹിച്ചത് പല കേസുകളിലേയും പ്രതികളാണന്ന് സിബിഐ സംശയിക്കുന്നു.

അയ്യായിരം കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ ഗുജറാത്തിലെ വിവാദ വ്യവസായി ചേദന്‍ സന്ദേസറയുടെ ഫാം ഹൗസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും താമസിക്കാന്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സൗജന്യമായി മുറികള്‍ വിട്ട് നല്‍കി.

മറ്റ് ചിലവുകള്‍ വഹിച്ചതും വിവിധ കേസുകളിലെ പ്രതികളാണന്ന് സിബിഐ സംശയിക്കുന്നു.അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജോയിന്റ് ഡയറക്ടന്‍ എ.കെ.ശര്‍മ്മക്കെതിരെ രാകേഷ് അസ്താന കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി. എ.കെ.ശര്‍മ്മയും ബന്ധുക്കളും കടലാസ് കമ്പനികളിലൂടെ തട്ടിപ്പ് നടത്തുന്നുവെന്നാണ് സ്‌പെഷ്യല്‍ ഡയറ്കടറുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here