ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി; സുപ്രീംകോടതി വിധി നടപ്പാക്കും; ശബരിമലയില്‍ കേന്ദ്രീകരിക്കുന്ന ക്രിമിനലുകളെ പുറത്താക്കും; ”ഇത് നല്ല രീതിയില്‍ തന്നെ അവസാനിക്കും, ആശങ്ക വേണ്ട”

തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നു. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടഞ്ഞിട്ടില്ല. പന്തല്‍ കെട്ടിയവര്‍ വിശ്വാസികളെ വാഹനത്തില്‍ നിന്നിറക്കി പരിശോധിക്കുന്ന സാഹചര്യവും ഉണ്ടായി.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കല്‍ സര്‍ക്കാരിന്റെ ഉദ്ദേശമല്ല. സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു.

പ്രതിഷേധത്തിന്റെ പേരില്‍ പന്തല്‍ കെട്ടി സമരം നടത്തുമ്പോള്‍ സര്‍ക്കാര്‍ എതിരുനിന്നില്ല. എന്നാല്‍ അവിടെ എത്തിയ വിശ്വാസികള്‍ക്കുനേരെ പരിശോധനയും ആക്രമണമുണ്ടായി. യുവതികളെയും ഭക്തരെയും മാധ്യമ പ്രവര്‍ത്തകരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടഞ്ഞിട്ടില്ല. സംഘപരിവാറിന്റെ അക്രമമുഖം ദൃശ്യങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളെയും സംഘപരിവാര്‍ നിയമം ലംഘിച്ചു കൈയിലെടുത്തു.

ഇരുമുടിക്കെട്ട് എടുത്ത് ശബരിമലയിലേക്ക് എത്തണമെന്ന വോയിസ് സന്ദേശങ്ങള്‍ ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിന് ആര്‍എസ്എസ് നേതൃത്വം നല്‍കി. ഭക്തിയുടെ പേരു പറഞ്ഞ് അവര്‍ അക്രമികളുടെ കേന്ദ്രമാക്കാന്‍ ശ്രമിച്ചു. അങ്ങനെ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് നടപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കും. ശബരിമലയില്‍ കേന്ദ്രീകരിക്കാന്‍ ഉദേശിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ അവിടെ നിന്ന് ഒഴിവാക്കും.

അത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. അത് സര്‍ക്കാര്‍ നിറവേറ്റും. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പോലും പരിഗണിക്കാതെ അഴിച്ചുവിട്ട അതിക്രമങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News