ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരം; ദേവസ്വം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ദേവസ്വം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചു . വിശ്വാസ സംരക്ഷകരെന്ന പേരിൽ ചിലർ ശബരിമലയിൽ തമ്പടിച്ചുവെന്നും മണ്ഡലകാലത്തും ഇവരുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട് . തീർത്ഥാടകർക്കും പോലീസിനും ജീവഹാനി വരെ സംഭവിച്ചേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ശബരിമലയിലെ നിലവിലെ സാഹചര്യം വിശദീകരിക്കുന്ന 6 പേജുവരുന്ന റിപ്പോർട്ടാണ് ദേവസ്വം സ്പെഷ്യൽ കമ്മീഷണർ കൂടിയായ കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ശബരിമലയിലെ സാഹചര്യം അതീവ ഗൗരവതരമാണെന്ന് റിപ്പോർട്ടിലുണ്ട്. വിശ്വാസ സംരക്ഷകർ എന്ന പേരിൽ ചിലർ സന്നിധാനത്തും പമ്പയിലും നിലക്കലിലും തമ്പടിച്ചിരിക്കുകയാണ്. ഇവർക്ക് ചില രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിൻബലമുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏതാനും യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ എത്തി . പോലീസ് അവർക്ക് സംരക്ഷണം നൽകി. എന്നാൽ ചിലർ അവരെ തടഞ്ഞു . 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെപ്പോലും തടയുന്ന സാഹചര്യം ഉണ്ടായി എന്ന് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു.

ചില അക്രമസംഭവങ്ങളുണ്ടായി. ഇതിനെത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 16 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുണ്ട്.

മണ്ഡലകാലത്ത് നടതുറക്കുമ്പോൾ ഇത്തരക്കാരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ അക്രമത്തിലും തിരക്കിലും തീർത്ഥാടകർക്കും പോലീസിനും ജീവഹാനി സംഭവിച്ചേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു

ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സ്വീകരിച്ച് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here