തൊ‍ഴിലിടങ്ങളിൽ ഇനി സ്ത്രീകൾക്ക് ഇരിക്കാം; സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു

തൊ‍ഴിലിടങ്ങളിൽ ഇനി സ്ത്രീകൾക്ക് ഇരിക്കാം.ജോലിക്കിടയില്‍ സ്ത്രീകൾക്ക് ഇരിക്കാന്‍ അവകാശം നല്‍കിയുള്ള നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു.

1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്‍റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റാറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് ചരിത്രം കുറിച്ച നിയമഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്.

സ്ത്രീകള്‍ക്ക് അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് ജോലിചെയ്യാന്‍ കഴിയുന്ന തൊഴിലിടങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലിടങ്ങളില്‍ ലിംഗസമത്വം നടപ്പാക്കുമെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തൊഴില്‍നയത്തില്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കുന്നതിന് തൊഴിലുടമകളോടും ഇതനുസരിച്ചുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളോടും തൊ‍ഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ അഭ്യർത്ഥിച്ചു.

വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകീട്ട് ഒമ്പതു മണി വരെ അവരുടെ അനുവാദത്തോടെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തണം.

രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു.

നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News