ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 26ന് തുടക്കമാകും. കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ്.സി ഉള്‍പ്പെടെ 11 ടീമുകള്‍ അങ്കം കുറിയ്ക്കും. ആദ്യമായി ജമ്മു കാശ്മീരില്‍ നിന്നുള്ള ടീം ഐ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്നുണ്ട്.

ശ്രീനഗര്‍ ഹോം ഗ്രൗണ്ടായ റിയല്‍ കാശ്മീര്‍ എഫ്.സിയാണ് ഇത്തവണ ഐ ലീഗ് ഫുട്‌ബോളിലെ പുതുമുഖവും ശ്രദ്ധേയ കേന്ദ്രവും.ദില്ലിയില്‍ നടന്ന ചടങ്ങില്‍ എല്ലാ ടീമുകളുടേയും ജേഴ്‌സി അണിഞ്ഞ് ക്യാപ്ന്റന്‍മാര്‍ അണി നിരന്നു.നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബ് എഫ്.സി, ഐസോള്‍ എഫ്.സി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, നെറോക്ക എഫ്.സി,ഷില്ലോങ്ങ് ലജോങ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഇന്ത്യന്‍ ആരോസ്, ചെന്നൈ സിറ്റി എഫ്.സി എന്നിവയാണ് ടീമുകള്‍.

കേരളത്തില്‍ നിന്നുള്ള ഗോകുലത്തിന്റെ ആദ്യ മത്സരം കോഴിക്കോട്27ആം തിയതി മോഹന്‍ ബഗാനെതിരെ നടക്കും. ഇത്തവണ കിരീടം ഉറപ്പിച്ചാണ് മത്സരത്തിന് ഇറങ്ങുന്നതെന്ന് ടീം അംഗം ഷിബിന്‍ പീപ്പിള്‍ ടീവിയോട് പറഞ്ഞു.

ഐ ലീഗിന്റെ ഉദ്ഘാടന മത്സരം 26ന് കോയബത്തൂരില്‍ നടക്കും.വൈകിട്ട് അഞ്ചിന് ചെന്നൈ സിറ്റി എഫ്.സിയും ഇന്ത്യന്‍ ആരോസും തമ്മിലാണ് പ്രഥമ മത്സരം.