ശബരിമല വിഷയത്തിൽ ബിജെപി പറയുന്നത‌് കോൺഗ്രസ‌് ഏറ്റുപാടുകയാണെന്ന‌് വി എസ‌് അച്യുതാനന്ദൻ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ കോൺഗ്രസും ബിജെപിയും കൈകോർത്തിരിക്കുകയാണ‌്.

പുന്നപ്ര–വയലാർ സമരത്തിന്റെ 72–ാമത‌് വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര രക്തസാക്ഷിദിന പൊതുസമ്മേളനം ഉദ‌്ഘാടനംചെയ്യുകയായിരുന്നു വി എസ‌്.

ശബരിമല വിഷയത്തിൽ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ‌് കോൺഗ്രസ‌്. സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതംചെയ‌്തവരാണ‌് ബിജെപിയും ആർഎസ‌്എസും. പിന്നീട‌് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നതുപോലെ ബിജെപി മലക്കംമറിഞ്ഞപ്പോൾ കോൺഗ്രസും അതേ നിലപാട‌് സ്വീകരിച്ചു. ഇപ്പോൾ രണ്ടുകൂട്ടരും ചേർന്ന‌് കേരളത്തിൽ കലാപം സ‌ൃഷ‌്ടിക്കാൻ ശ്രമിക്കുന്നു.

മുഖ്യമന്ത്രിയെയും സർക്കാരിനെയും അസഭ്യം പറഞ്ഞ‌് ഇവർ തെരുവിൽ അഴിഞ്ഞാടുകയാണ‌്. വീണ്ടുമൊരു വിമോചനസമരത്തിന‌് സാധ്യതയുണ്ടോയെന്ന‌് കോൺഗ്രസും അതിനൊപ്പം ബിജെപിയും ശ്രമിക്കുകയാണ‌്. ഇക്കാര്യത്തിൽ എസ‌്എൻഡിപി നേത‌ൃത്വം തങ്ങളുടെ നിലപാട‌് വ്യക്തമാക്കിയതിൽ രമേശ‌് ചെന്നിത്തലയ‌്ക്ക‌് കുണ‌്ഠിതമുണ്ട‌്.

ശ്രീനാരായണഗുരുവിന്റെ ആചാരലംഘനമായിരുന്നു അരുവിപ്പുറം പ്രതിഷ‌്ഠ. വൈക്കം സത്യഗ്രഹം നടന്നപ്പോൾ എത്തിയ മഹാത്മാഗാന്ധിയെയും അനുയായികളെയും അയിത്തം തീണ്ടിയവരെന്ന‌് കണക്കാക്കി അകറ്റാനാണ‌് തന്ത്രി ശ്രമിച്ചത‌്. അതേ തന്ത്രിമാരുടെ പിൻമുറക്കാരാണ‌് ശബരിമലയിലും പയറ്റുന്നത‌്.

ഗുരുവായൂർ സത്യഗ്രഹവും വൈക്കം സത്യഗ്രഹവും സംഘടിപ്പിച്ചത‌് സ‌്റ്റേറ്റ‌് കോൺഗ്രസായിരുന്നു. ഈ ചരിത്രം ഇപ്പോഴത്തെ കെപിസിസിക്ക‌് അറിയാമോ. ബിജെപിയിലേക്ക‌് കോൺഗ്രസ‌് നേതാക്കളടക്കം ഒഴുകുകയാണ‌്. കേരളത്തിലും അത‌ുതന്നെ സംഭവിക്കുന്നു.

അയോധ്യയിൽ ശിലാന്യാസത്തിന‌് അനുമതി കൊടുത്ത രാജീവ‌്ഗാന്ധിയിലും ബിജെപി അനുഭാവമാണ‌് കണ്ടത‌്. ജനങ്ങളുടെ പ്രശ‌്നങ്ങൾ ഏറ്റെടുക്കാതെ രാഹുൽഗാന്ധിയും ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നു. സ‌്ത്രീകളെ അശുദ്ധരായി പ്രഖ്യാപിച്ച‌് മൃദുഹിന്ദുത്വ രാഷ‌്ട്രീയം പയറ്റാനാണ‌് കോൺഗ്രസ‌് ശ്രമം.

സംഘപരിവാറും അവർ നയിക്കുന്ന കേന്ദ്രസർക്കാരും വർഗീയ ചേരിതിരിവ‌് സ‌ൃഷ‌്ടിച്ച‌് കേരളത്തിൽ രാഷ‌്ട്രീയ അധികാരം ഉറപ്പിക്കാൻ നോക്കുകയാണ‌്. ശബരിമല വിഷയം ഉയർത്തി ദ്വിമുഖ ദേശദ്രോഹ സമീപനമാണ‌് ബിജെപിയും കോൺഗ്രസും സ്വീകരിക്കുന്നതെന്നും വി എസ‌് പറഞ്ഞു.