ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ബിഷപ്പ് ഫ്രാങ്കോയുടെ പങ്ക് ചൂണ്ടിക്കാട്ടി സഹോദരന്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തേക്കും

ദില്ലി: ഫാ. കുര്യാക്കോസ് കാട്ടുതറ (61) ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തേക്കും.

സഹോദരന്റെ പരാതിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 174-ാം വകുപ്പനുസരിച്ച് പഞ്ചാബ് പൊലീസ് വിശദമൊഴി രേഖപ്പെടുത്തി. കേരളത്തില്‍നിന്ന് സഹോദരന്‍ ജോസ് കാട്ടുതറ എത്തി മരണം സംഭവിച്ച മുറി നേരില്‍ കണ്ടശേഷമാണ് അസ്വാഭാവികത ചൂണ്ടിക്കാട്ടി ഹോഷിയാര്‍പുര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഹായികളും ഫാദര്‍ കുര്യാക്കോസിനെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദ്ദം കൂടുതലായതെന്നും സഹോദരന്‍ പറയുന്നു.

വൈദികന്റെ വിദേശത്തുള്ള മറ്റൊരു സഹോദരനും ജലന്ധറില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കേരളത്തിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാഫലവും ലഭിച്ചശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്താനായില്ലെന്ന് നാലംഗ മെഡിക്കല്‍ സംഘത്തിലെ ഡോ. ജസ്‌വീന്ദര്‍ സിങ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല.

ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിന് ഒന്നരമാസവും രാസപരിശോധനാ ഫലത്തിന് ആറുമാസംവരെയും സമയം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള ദൗസയിലെ സെന്റ് പോള്‍ കോണ്‍വെന്റ് സ്‌കൂള്‍ ക്യാമ്പസിലെ മുറിയില്‍ തിങ്കളാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാ. കുര്യാക്കോസിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തെന്ന് ദസുവ സ്റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് രാജ് അറിയിച്ചു.

മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് ഡിഎസ്പി എ ആര്‍ ശര്‍മ പറഞ്ഞു. അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിക്കുമെന്ന് ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News