ശബരിമല ദര്‍ശനത്തിന് നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി; ക്യാമ്പ് ചെയ്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല; മതനിരപേക്ഷതയ്ക്ക് തടസം നില്‍ക്കുന്നവരെ മാറ്റി നിര്‍ത്തുക നിസാരം

കൊല്ലം: ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമലയ്ക്ക് താങ്ങാന്‍ കഴിയുന്ന ആളുകളെ മാത്രമേ ഓരോ ദിവസവും ദര്‍ശനത്തിന് അനുവദിക്കൂ. ബാക്കിയുള്ള ആളുകള്‍ ബേസ് ക്യാംപില്‍ കാത്തുനില്‍ക്കണം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇതര സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ ക്യാംപ് ചെയ്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. മതനിരപേക്ഷതയ്ക്ക് തടസം നില്‍ക്കുന്ന ആരെയും മാറ്റി നിര്‍ത്തുക നിസാരമാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

സന്നിധാനം ക്രിമിനലുകളുടെ താവളമാക്കാന്‍ അനുവദിക്കില്ലെന്നും ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധിക്ക് ശേഷം ബിജെപിയും ആര്‍എസ്എസും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. അവര്‍ക്കൊപ്പം ചേരാന്‍ പാടില്ലാത്ത പലരും ചേര്‍ന്നു. വിധിയുടെ പേരില്‍ കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. അവര്‍ക്കൊപ്പം ഓടുകയാണ് കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ തന്നെ ബിജെപിയിലേക്ക് കാല്‍ വച്ചിരുന്നു. അവരുടെ ശരീരം മാത്രമാണ് കോണ്‍ഗ്രസിലുള്ളൂ. മനസ് ബിജെപിക്കൊപ്പമാണ്. ബിജെപി നടത്തിയ സമരത്തില്‍ കോണ്‍ഗ്രസുകാര്‍ ആളെ കൂട്ടി. കോണ്‍ഗ്രസുകാര്‍ക്ക് ഇടത്താവളമായി ബിജെപി സമരങ്ങള്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ സമയോജിതമായ ഇടപ്പെടലും സമചിത്തതയും കൊണ്ടാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമികളെ സംഘപരിവാര്‍ എത്തിച്ചിരുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News