ആഗോളമലയാളിയും ഭാഷയും ചർച്ചചെയ്ത് ഭൂമിമലയാളം ഭാഷാസെമിനാർ

മലയാളഭാഷയും പ്രവാസവും മലയാളി എന്ന സമൂഹത്തില്‍ സൃഷ്ടിച്ച സാംസ്കാരികകൈമാറ്റങ്ങളും വികാസപരിണാമങ്ങളും സമഗ്രമായി ചര്‍ച്ചചെയ്തു മലയാളം മിഷൻ സംഘടിപ്പിക്കുന്ന ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഭാഷാസെമിനാര്‍.

അകം കേരളത്തിലെയും പുറം കേരളത്തിലെയും മലയാളികളെ കൂട്ടിയിണക്കുന്ന ഭാഷയുടെ കരുത്ത് ചർച്ച ചെയ്ത സെമിനാറിൽ ഭാഷാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ലോകമൊട്ടാകെ, എവിടെയെല്ലാം മലയാളിയുണ്ടൊ, അവിടെയെല്ലാം മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ബൃഹദ് ഉദ്യമത്തിന്റെ തുടക്കമാണ് ഭൂമിമലയാളം പദ്ധതിയെന്ന് ഡയക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്റെ അതിജീവന ചരിത്രത്തിൽ ഭാഷയുടെ നിർണായകസ്ഥാനം വ്യക്തമായിരുന്നു. ഭാഷ നമ്മെ സാമൂഹികമായും സാംസ്കാരികമായും വൈകാരികവുമായും കൂട്ടിയിണക്കുകയാണെന്നും സുജ സൂസൻ ജോർജ്ജ് കൂട്ടിച്ചേർത്തു.

മലയാളി മലയാളം മറന്നാൽ മലയാള മാധ്യമങ്ങൾ ഉണ്ടാകില്ലെന്നു ചർച്ച നയിച്ചുകൊണ്ട് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ശ്രീ. ആര്‍. എസ്. ബാബു ഓർമിപ്പിച്ചു.

ഭാഷയുമായി ബന്ധപ്പെട്ടുള്ള അപകർഷതാബോധത്തിൽ നിന്ന് മോചനം നേടാൻ ഭൂമിമലയാളം ക്യാംപെയ്ൻ സഹായിക്കട്ടെ എന്നു കവി ശ്രീ. പ്രഭാ വര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചു. ഐക്യകേരളവും മലയാളഭാഷയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

മലയാളി കൊച്ചുകേരളത്തിന്റെ ഭാഗം മാത്രമല്ല, ലോകമൊട്ടാകെ പടർന്നുകിടക്കുന്ന വിശാല കേരളത്തിന്റെ ഭാഗമാണെന്ന ബോധം ഉൾക്കൊള്ളണമെന്ന് പ്രവാസി ക്ഷേമകാര്യ ബോർഡ് ചെയർമാൻ ശ്രീ. പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. പ്രവാസജീവിതവും സാംസ്കാരികാനുഭവവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകയും പിഎസ് സി അംഗവുമായ ശ്രീ. ആര്‍. പാര്‍വതി ദേവി ഭാഷയിലെ സാംസ്കാരികമുദ്രകള്‍ എന്ന വിഷയവും ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീ. ഭാഗ്യലക്ഷ്മി നവമലയാള സിനിമയിലെ ഭാഷയും മാധ്യമപ്രവർത്തകരായ ശ്രീ. പി. എം. മനോജ് ആഗോളമലയാളിയും നവമാധ്യമസാധ്യതകളും എന്ന വിഷയവും ശ്രീ. എം. എസ്. ശ്രീകല പെണ്‍മലയാളം എന്ന വിഷയവും ശ്രീ. ഇ. സനീഷ് പ്രവാസിമലയാളിയും മലയാള വാര്‍ത്താമാധ്യമങ്ങളും എന്ന വിഷയവും ആസ്പദമാക്കി സംസാരിച്ചു.

കനകക്കുന്ന് പാലസ് ഹാളിൽ നടന്ന സെമിനാറിൽ കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ ജോയിൻറ് സെക്രട്ടറി ശ്രീ. ബി. അഭിജിത് ആശംസയും, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ. എം. സേതുമാധവൻ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here