സാലറി ചലഞ്ച്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു; ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു

ദില്ലി: സാലറി ചാലഞ്ചിന് തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഹൈക്കോടതി വിധി സാലറി ചാലഞ്ചിനെ ബാധിക്കുന്നതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഹര്‍ജി 29ാം തീയതി സുപ്രീംകോടതി പരിഗണിക്കും.

സാലറി ചാലഞ്ചിന്റെ ഭാഗമായി ശമ്പളം നല്‍കാന്‍ തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന മരവിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സാലറി ചാലഞ്ചിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സാമ്പത്തിക ശേഷി അനുസരിച്ച് ഇഷ്ടമുള്ള തുക സംഭാവന നല്‍കാമെന്നായിരുന്നു ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായാണ് സാലറി ചാലഞ്ച്. ജീവനക്കാരെ രണ്ടാം തരക്കാരായി കണ്ട് വേര്‍തിരിവുണ്ടാക്കാനല്ല സാലറി ചാലഞ്ചെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

സുപ്രീം കോടതി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രളയത്തിന് പണം നല്‍കാന്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ സമാന വ്യവസ്ഥകള്‍ ഉണ്ടായിരുന്നു.

അത് മാതൃകയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവെന്നും അപ്പീല്‍ ചൂണ്ടിക്കാണ്ടി. ഹൈക്കോടതി വിധി സാലറി ചാലഞ്ചിനെ ബാധിക്കുന്നതിനാല്‍ ദീപാവലി അവധിക്ക് മുന്‍പ് കോടതി ഹര്‍ജി പരിഗണിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി ഈ മാസം 29 ന് തന്നെ പരിഗണിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. സാലറി ചാലഞ്ചിന്റെ ഉദ്ദേശ്യ ശുദ്ധി സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി അനുകൂല വിധി നേടാനാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News