മുന്‍ സിബിഎെ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ വസതിക്ക് സമീപം നിരീക്ഷണം നടത്തിയ അഞ്ച് എെബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റിയതിനെതിരെ ലോക്‌സഭ നേതാവ് മല്ലിഗാര്‍ജു ഗാര്‍ഗെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പ്രഭാന്ത് ഭൂഷണ്‍ വഴി കോമണ്‍ കോസ് എന്ന സംഘടന സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു.

അതേ സമയം മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ വസതിയ്ക്ക് സമീപം നിരീക്ഷണം നടത്തുകയായിരുന്ന അഞ്ച് ഐ.ബി.ഉദ്യോഗസ്ഥരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി ദില്ലി പോലീസിന് കൈമാറി.

കല്‍ക്കരി പാട വിതരണത്തില്‍ നരേന്ദ്രമോദിയുടെ ഓഫീസിന്റെ ബന്ധമടക്കമുള്ള നിര്‍ണ്ണായക ഏഴ് കേസുകള്‍ അന്വേഷിക്കാനിരിക്കെയാണ് സിബിഐ ഡയറക്ടറെ മാറ്റിയതെന്ന് വിവരങ്ങളും പുറത്ത് വരുന്നു.

ഉന്നതര്‍ പ്രതികളായ കേസുകളിലെ അന്വേഷണമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനം തെറിക്കാന്‍ ഇടയാക്കിയതെന്നാണ് അലോക് വര്‍മ്മ സുപ്രീംകോടതിയെ അറിയിച്ചത്.

എന്നാല്‍ ഏതൊക്കെ കേസാണന്ന് വ്യക്തമാക്കിയിരുന്നില്ല. നിലവില്‍ സിബിഐ ആസ്ഥാനത്ത് നിന്നുള്ള വിവര പ്രകാരം ഏഴ് നിര്‍ണ്ണായക കേസുകള്‍ സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയുടെ പക്കലുണ്ടായിരുന്നു.

ഏറ്റവും പ്രധാനം റഫേല്‍ കേസ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അരോപണ വിധേയനായ മെഡിക്കല്‍ കോഴ കേസ്,അയ്യായിരം കോടി ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട ഗുജറാത്ത് വ്യവസായി സന്ദേശരയുടെ രാഷ്ട്രിയ ബന്ധങ്ങളും അന്വേഷണത്തിലായിരുന്നു.

കല്‍ക്കരി പാട വിതരണത്തില്‍ നരേന്ദ്രമോദിയുടെ സെക്രട്ടറിയായ ഭാസ്‌ക്കര്‍ ഖുല്‍ബേയുടെ ബന്ധവും അലോക് വര്‍മ്മ കണ്ടെത്തിയിരുന്നു.

ഭരണ നേതൃത്വ പ്രതികൂട്ടിലാക്കുന്ന ഈ കേസുകളില്‍ അന്വേഷണം നടത്താന്‍ അലോക് വര്‍മ്മ തയ്യാറെടുക്കുമ്പോഴാണ് മാറ്റം. ചട്ടങ്ങള്‍ മറികടന്ന് സിബിഐ ഡയറക്ടറെ മാറ്റിയതിനെതിരെ മല്ലിഗാര്‍ജു ഗാര്‍ഗെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

ഡയറക്ടരെ മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്രമന്ത്രിമാരാരും തയ്യാറായില്ല. പ്രകാശ് ജാവദേക്കര്‍ ഒഴിഞ്ഞ് മാറി.

സിബിഐയിലെ മാറ്റത്തിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തി. സ്പ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐയില്‍ നിന്നും പുറത്താക്കണമെന്നും, ആഭ്യന്തര തര്‍ക്കങ്ങള്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേ സമയം സംശയാസ്പദമായ രീതിയില്‍ ദില്ലിയിലെ അലോക് വര്‍മ്മയുടെ വസതിയ്ക്ക് സമീപം നിരീക്ഷണം നടത്തിയ അഞ്ച് ഐ.ബി ഉദ്യോഗസ്ഥര്‍ പിടിയിലായി. ഇവര്‍ വന്ന വാഹനവും കസ്റ്റിഡിയിലെടുത്ത് ദില്ലി പോലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News