‘അമ്മ’യുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധം; അബുദാബി സ്റ്റേജ് ഷേയിലേക്ക് താരങ്ങളെ വിട്ടുതരില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍

താരസംഘടനയായ അമ്മ ഡിസംബറില്‍ അബുദാബിയില്‍ നടത്താനിരിക്കുന്ന സ്റ്റേജ് ഷോയിലേക്ക് താരങ്ങളെ വിട്ടു നല്‍കാനാവില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍.

തങ്ങളോട് ചോദിക്കാതെ സ്റ്റേജ് ഷോയ്ക്ക് തിയതി തീരുമാനിച്ചതില്‍ പ്രതിഷേധം ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന അമ്മയ്ക്ക് കത്തയച്ചു.

അമ്മയുടെ ഏകപക്ഷീയ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.

പ്രളയാനന്തരം നവകേരള നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച്കോടി രൂപ സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് താരസംഘടന അമ്മ ഡിസംബര്‍ 7ന് അബുദാബിയില്‍ സ്റ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചത്.

ഇതിനായി ഒരാ‍ഴ്ച ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് അമ്മ സെക്രട്ടറി വാട്സ് അപ് സന്ദേശം അയച്ചതാണ് നിര്‍മ്മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്.

തങ്ങളോട് ചോദിക്കാതെയാണ് അമ്മ തിയതി തീരുമാനിച്ചതെന്നും പ്രളയക്കെടുതികള്‍ സിനിമാ മേഖലയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു നല്‍കാനാവില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത് അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

കേരള ഫിലിം ചേംബറോടോ പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷനോടോ ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം എടുത്തത് പ്രതിഷേധാര്‍ഹമാണ്.

ഷോ നടത്താതെ തന്നെ അഞ്ച് കോടി സമാഹരിക്കാന്‍ അമ്മയ്ക്ക് നിഷ്പ്രയാസം സാധിക്കും. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയത് തെറ്റായ നടപടിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല അസോസിയേഷന്‍റ കെട്ടിടം പണിക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി താരഷോ നടത്താമെന്ന് വാഗ്ദാനം ചെയ്തിട്ട് കബളിപ്പിക്കുകയാണെന്നും സ്വകാര്യ സ്ഥാപനങ്ങളുടെ ഷോയില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രളയത്തെ തുടര്‍ന്ന് ഓണം റിലീസ് മാറ്റിവയ്ക്കുകയും വലിയ സാന്പത്തിക നഷ്ടങ്ങളും ഉണ്ടായി. വിഷുവരെയുളള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തില്‍ താരങ്ങളെ വിട്ടു നല്‍കാനാവില്ലെന്നാണ് കത്തിലൂടെ നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

അമ്മയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ അംഗീകരിച്ച് ഇനിയും മുന്നോട്ടു പോകാനാവില്ലെന്ന ശക്തമായ മുന്നറിയിപ്പും നിര്‍മ്മാതാക്കളുടെ സംഘടന നല്‍കിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News