ജന്മിത്തത്തിന്റേയും നക്‌സലിസത്തിന്റേയും കാലം ഓര്‍മപ്പെടുത്തി ഖരം

കേരളത്തില്‍ കൊടികുത്തി വാണിരുന്ന ജന്മിത്തത്തിന്റേയും അതിനെ നേരിടാന്‍ രൂപപ്പെട്ട നക്‌സലിസത്തേയും വരച്ചുകാട്ടിയ ചലച്ചിത്രമായ ഖരം ആധുനിക കാലഘട്ടത്തിലും ഈ വിഷയങ്ങളുടെ പ്രസക്തിയെ ഓര്‍മപ്പെടുത്തുന്നു.

ഡോ. ജോസ് പി.വി. രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ ഇന്നലെ നടന്നു.

തനുള്‍പ്പെട്ട സമൂഹം അനുഭവിച്ച ഒരു കാലഘട്ടത്തെ വരച്ചുകാട്ടാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.

കേരളം ജാതി ജന്മി നാടുവാഴിത്തത്തില്‍നിന്നും മുക്തിനേടിയിട്ടില്ലാത്ത കാലഘട്ടത്തിന്റെ കയ്പ്പും കഷ്ടതയും കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ പരിമിതികള്‍ക്കപ്പുറത്തുനിന്നുള്ള പരിശ്രമമാണ് ഡോ. ജോസും സംഘവും നടത്തിയിരിക്കുന്നത്.

പഴയ കാലഘട്ടത്തെ പുനര്‍നിര്‍മിക്കുന്നതിലും അഭിനേതാക്കളുടെ പ്രകടനത്തിലും സ്ഥലകാല പുനസൃഷ്ടിയിലും അസാമാന്യമായ ശ്രദ്ധ ചിത്രത്തില്‍ പുലര്‍ത്തിയിട്ടുണ്ട്.

ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെത്താത്ത പ്രകൃതിരമണീയമായ തളിപ്പറമ്പ്, പയ്യന്നൂര്‍ പ്രദേശങ്ങളുടെ മനോഹാരിത അതുപോലെതന്നെ ഒപ്പിയെടുക്കുന്നതില്‍ ഛായാഗ്രാഹകനായ രാജ്കുമാറും വിജയിച്ചു.

തുടക്കക്കാരായ അഭിനേതാക്കളുടെ പ്രകടനം മികവുറ്റു നില്‍ക്കുമ്പോള്‍ താരജാഡകളില്ലെങ്കിലും ചിത്രത്തിന്റെ ഒഴുക്കിനെ ഒരുഘട്ടത്തിലും ബാധിക്കുന്നില്ല.

കേരളം അനുഭവിച്ച ഒരു കെട്ടകാലത്തിന്റെ ഓര്‍മപ്പെടുത്തലായി ഖരം പുരോഗമിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ സ്ത്രീപക്ഷ സിനിമയെന്ന തരത്തിലേക്കും വ്യതിചലിക്കുന്നുണ്ട്. ഈ പ്രത്യേകതകള്‍കൊണ്ടുതന്നെ നിരവിധി രാജ്യാന്തര പുരസ്‌കാരങ്ങള്‍വരെ ഖരം ഇതിനകം നേടിക്കഴിഞ്ഞു.

ചിലിയിലെ സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്‌സ് അക്കാഡമിയുടെ മികച്ച ചിത്രം, തിരക്കഥ, ക്യാമറ, ബാലനടന്‍, ഹോളിവുഡ് ഇന്റര്‍നാഷണല്‍ മൂവിങ് പിക്‌ചേഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ നിര്‍മാതാവ്, ബല്‍ജിയം മുവ് മി ഫിലിം ഫെസ്റ്റിവലില്‍ മികച്ച രാജ്യാന്തര ചിത്രത്തിനും ബാല നടിക്കും, ലോസാഞ്ചല്‍സ് ഇന്റിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രത്തിനും,

വെനസ്വേല ഫൈവ് കോണ്ടിനന്റ്‌സ് ഇന്റനാഷണള്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും മികച്ച സംവിധാകന് പ്രത്യേക ജ്യൂറി പരാമര്‍ശവും ഉള്‍പ്പെടെ 20ഓളം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഖരം നേടുകയുണ്ടായി.

ആദ്യ സിനിമതന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിത്തന്നതിന്റെ നിറവിലാണ് താനെന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി പ്രൊഫസര്‍കൂടിയായ സംവിധായകന്‍ ഡോ. ജോസ് പി.വി പറഞ്ഞു. സംവിധായകനും ഛായാഗ്രാകനും മറ്റു അഭിനേതാക്കളും മുഖാമുഖത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News