മുന്‍ സിബിഎെ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരായ 9 കേസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് മാറ്റിയ അലോക് വര്‍മ്മയ്‌ക്കെതിരായ 9 കേസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

ലാലു പ്രസാദ് യാദവ് പ്രതിയായ റെയില്‍വേ കാറ്ററിങ്ങ് സര്‍വീസ് അഴിമതിയാണ് പ്രധാനം.ലാലു പ്രസാദ് യാദവിന് അനുകൂലമായി അലോക് വര്‍മ്മ ഇടപെട്ടുവെന്നാണ് പരാതി.

മൊയിന്‍ ഖുറേഷി അഴിമതി കേസില്‍ കോഴ വാങ്ങിയെന്ന് പരാതിയിലും തെളിവെടുക്കും. സുപ്രീംകോടതി നിര്‍ദേശ പ്രകാരം റിട്ടേര്‍ഡ് ജസ്റ്റിസ് ബി.കെ. പട്‌നായിക്കിന്റെ മേന്‍നോട്ടത്തിലാണ് അന്വേഷണം.

മോദി സര്‍ക്കാര്‍ നിയോഗിച്ച സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ തന്നെ കേസെടുത്ത മൊയിന്‍ ഖുറേഷി കേസില്‍ അലോക് വര്‍മ്മ അന്വേഷണം നേരിടും.

അലോക് വര്‍മ്മ കോഴ വാങ്ങിയെന്ന് സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.അലോക് വര്‍മ്മയെ കുടുക്കാന്‍ രാകേഷ് അസ്താന കെട്ടിച്ചമതാണ് കേസെന്ന ആരോപണം നേരത്തെയുണ്ട്.

ലാലു പ്രസാദ് യാദവ്,ഭാര്യ റാബറി ദേവി,മകന്‍ തേജസ്വി യാദവ് എന്നിവര്‍ പ്രതികളായ റെയില്‍വേ കാറ്ററിങ്ങ് സര്‍വീസ് അഴിമതിയാണ് അലോക് വര്‍മ്മയ്‌ക്കെതിരായ മറ്റൊരു പ്രധാന കേസ്.

ഇതിലും പരാതിക്കാരന്‍ അസ്താന തന്നെ. ഈ കേസില്‍ ലാലുവിന്റെ പട്‌നയിലെ വസതി റെയ്ഡ് ചെയ്യുന്നതിനെ അവസാന നിമിഷം സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ തടഞ്ഞുവെന്നാണ് സ്‌പെഷ്യല്‍ ഡയറ്കടര്‍ അസ്താനയുടെ ആരോപണം.

ഡയറക്ടറുടെ തടസം മറി കടന്ന് റെയ്ഡ് നടത്തി നിര്‍ണ്ണായകമായ നിരവധി തെളിവുകള്‍ കണ്ടെത്തിയെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

കല്‍ക്കരി അഴിമതിയെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചെന്ന മറ്റൊരു കേസും ഉണ്ട്. ഇതടക്കം 9 കേസുകളാണ അലോക് വര്‍മ്മയ്ക്ക് കുരുക്കാക്കി വിജിലന്‍സ് കമ്മീഷന് മുമ്പിലുള്ളത്.

പതിനാല് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ടെങ്കിലും ദീപാവലി അവധി, ഞായറാഴ്ച്ച തുടങ്ങിയവ കണക്കാകുമ്പോള്‍ പന്ത്രണ്ട് ദിവസം മാത്രമേ സാങ്കേതികമായി ലഭിക്കുകയുള്ളു. അത് കൊണ്ട് വേഗത്തിലാണ് അന്വേഷണം. റിട്ടേര്‍ഡ് ജസ്റ്റിസ് ബി.കെ.പട്‌നായിക്കിന്റെ മേല്‍നോട്ടവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here