രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപ്പിക്കാന്‍ പൊലീസ് നീക്കം; പത്തനംതിട്ട, എറണാകുളം സെഷന്‍സ് കോടതികളെ സമീപിക്കും

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ സെഷന്‍സ് കോടതിയെ സമീപ്പിക്കാന്‍ പോലീസ് നീക്കം.

ജാമ്യം റദ്ദാക്കാന്‍ പത്തനംതിട്ട, എറണാകുളം സെഷന്‍സ് കോടതികളെ സമീപിക്കാന്‍ ആണ് ആലോചന. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനടക്കം വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപ്പിക്കുക.

പോലീസ് ചാര്‍ജ്ജ് ചെയ്യുന്ന കേസുകളില്‍ രാഹുല്‍ ഈശ്വറിന് അടിക്കടി ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ജാമ്യം റദ്ദാക്കാന്‍ രണ്ട് സെഷന്‍സ് കോടതികളെ സമീപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നത്. പത്തനംതിട്ട, എറണാകുളം സെഷന്‍സ് കോടതികളെ സമീപിക്കാന്‍ ആണ് നിയമോപദേശം ലഭിച്ചത്.

സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്തുന്നതിനായി ബോധപൂര്‍വ്വം പെരുമാറുന്ന രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നും അഥവാ ജാമ്യം അനുവദിച്ചാല്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും, സാമൂഹ്യമാധ്യമങ്ങള്‍ വഴി കലാപാഹ്വാനം നല്‍കരുതെന്നും അടക്കമുളള കര്‍ശനമായ ബോണ്ട് വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ ആവശ്യപെടാനുമാണ് പോലീസിന്റെ ആലോചന.

ഇന്നലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ രാത്രിയോടെ രാഹുല്‍ ഈശ്വറെ ഹാജരാക്കിയെങ്കിലും പ്രോസിക്യൂഷന്റെ വാദം കേള്‍ക്കുക പോലും ചെയ്യാതെ പ്രതിക്ക് ജാമ്യം അനുവദിച്ചത് അസാധാരണ നടപടിയാണെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ട് മത വിഭാഗങ്ങള്‍ തമ്മീല്‍ കലാപം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായി സംസാരിച്ചു എന്ന കുറ്റമാണ് രാഹുല്‍ ഈശ്വറിന് മേല്‍ പോലീസ് ചുമത്തിയിരുന്നത്.

ഒപ്പം ഒരു കുറ്റകൃത്യം നടക്കുമെന്ന് മുന്‍കൂട്ടി അറിവ് ഉണ്ടായിട്ടും അത് പേലീസിനെ അറിയിച്ചില്ല എന്ന വകുപ്പും ചമത്തി. 153A എന്ന ജാമ്യമില്ലാ കുറ്റത്തിന് സാധാരണ ഗതിയില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കുക എന്നത് സാധാരണ നടപടി ക്രമമാണ്.

എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും, കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടിട്ട് പോലും പ്രതിയുടെ അഭിഭാഷന്റെ വാദം മാത്രം കേട്ട് ജാമ്യം അനുവദിച്ചതിനെതിരെയാണ് പോലീസ് സെഷന്‍സ് കോടതിയെ സമീപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here