ശബരിമല സംഘര്‍ഷം; 210 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ കൂടി പുറത്ത്; ചിത്രങ്ങള്‍ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി; അറസ്റ്റ് തുടരും; മൂന്നാം ഘട്ട പട്ടിക ഉടന്‍ തയ്യാറാക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമല സംഘര്‍ഷത്തില്‍ പങ്കെടുത്ത കൂടുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു.

210 പേരുടെ ചിത്രങ്ങളാണ് രണ്ടാം ഘട്ടത്തില്‍ പുറത്ത് വിട്ടത്. ഇവരുടെ ചിത്രങ്ങള്‍ എല്ലാ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും കൈമാറിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 210 പേരുടെ ചിത്രമാണ് പുറത്ത് വിട്ടത്. ഇപ്പോള്‍ ആകെ 420 പേരുടെ പട്ടികയായി. മൂന്നാം ഘട്ട പട്ടിക ഉടന്‍ തയ്യാറാകുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പട്ടികയില്‍ ഉള്ളവരുടെ എണ്ണം 600 കടക്കുമെന്നാണ് സൂചന.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ യുവതി പ്രവേശനത്തിനെതിരെ ആക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ശക്തമായ നടപടിയുമായാണ് പൊലീസ് മുന്നോട്ട് പോകുന്നത്.

ഇതുവരെയായി 529 കേസുകളിലായി 3505 പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 160 പേരെ അറസ്റ്റ് ചെയ്തു. അക്രമികളുടെ 12 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇനിയും 500 ഓളം പേരെ കൂടി പിടികൂടാനുണ്ടെന്നാണ് സൂചന.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. അതെസമയം നാമജപ ഘോഷയാത്ര നടത്തിയവരെ നടപടികളില്‍നിന്ന് പൊലീസ് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

സ്ത്രീകളെ ആക്രമിക്കുക പൊതുമുതല്‍ നശിപ്പിക്കുക എന്നിവയാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത്.

സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ ഹര്‍ത്താല്‍ ദിനത്തിലുള്‍പ്പെടെയുണ്ടായ സംഘര്‍ഷങ്ങളിലും കേസെടുത്തു. പിടിയിലായവരിലേറെയും വിവിധ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News