പ്രളയക്കെടുതി: കേരളത്തെ കൂടുതല്‍ തള്ളിത്താഴെയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി; കേന്ദ്രത്തിന്റെ നിഷേധാത്മകസമീപനം മൂലം വലിയ സഹായങ്ങള്‍ നഷ്ടമായി; സംസ്ഥാനം പുനര്‍നിര്‍മ്മിക്കപ്പെട്ടുകൂടാ എന്ന നിലപാട് കേന്ദ്രത്തിനും ബിജെപിക്കും ഉണ്ടോ?

തൃശൂര്‍: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ എങ്ങനെ കരകയറ്റാം എന്നതിന് പകരം കൂടുതല്‍ തള്ളിത്താഴെയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രളയത്തില്‍ കേരളത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ മോദി സംസ്ഥാന സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിലും മന്ത്രിമാരുടെ വിദേശയാത്രയുടെ കാര്യത്തിലും പ്രധാനമന്ത്രി പറഞ്ഞതിന് വിപരീതമായാണ് പ്രവര്‍ത്തിച്ചത്.

ഈ രണ്ട് കാര്യങ്ങളും നേരില്‍ സംസാരിച്ചപ്പോള്‍ നല്ലത് എന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി പിന്നീട് വാക്ക് മാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമീപനം മനസിലാക്കികൊണ്ട് തന്നെ ഒരു പൊട്ടന്‍കളി നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരുന്നത്.

പ്രധാനമന്ത്രിയുടെ സഹായവാഗ്ദാനങ്ങളെ മുഖവിലക്കെടുക്കുന്നു എന്ന രീതിയില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംസാരിച്ച ഘട്ടത്തിലെല്ലാം ആദ്യം പ്രതികരിച്ചത്.

നവംബറില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തുന്ന ‘നവകേരള സൃഷ്ടിക്ക് വീണ്ടെടുപ്പ്’എന്ന പദ്ധതയുടെയും സാഹിത്യ അക്കാദമി പ്രസിദ്ധീരിക്കുന്ന ‘പ്രളയാക്ഷരങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഏകദിന സെമിനാറും ടൗണ്ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ പുരോഗതിക്ക് ഒരു സംഭാവനയും ചെയ്യാത്ത ഏക പാര്‍ട്ടിയാണ് ബിജെപി. കേരത്തെ പുനരുജ്ജീവിപ്പിക്കാനുളള പ്രവത്തനങ്ങളെ അട്ടിമറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ബിജെപി എന്തെങ്കിലും പറഞ്ഞാല്‍ പിന്തുണക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷനേതാവ്.

നിരവധി വിദേശരാജ്യങ്ങളുമായി നല്ല ബന്ധമാണ് കേരളത്തിനുള്ളത്. അതുകൊണ്ട് തന്നെ പ്രളയമുണ്ടായപ്പോള്‍ സഹായിക്കാന്‍ സന്നദ്ധമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നു. അതില്‍ ആദ്യം യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ചാണ് 700 കോടി കേരളത്തിന് നല്‍കാമെന്ന് അറിയിച്ചത്. പ്രമുഖ വ്യവസായി എംഎ യൂസഫലി മുഖാന്തിരം ഈ വിവരം തന്നെയും അറിയിച്ചു.

അക്കാര്യമാണ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് വിദേശസഹായം സ്വീകരിക്കാന്‍ പാടില്ലെന്ന
നിലപാടാണ് കേന്ദ്രം എടുത്തത്.

യുഎഇയുടെ സഹായം ലഭിച്ചിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളും സഹായിക്കാന്‍ മുന്നോട്ട് വരുമായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നിഷേധാത്മകസമീപനം മൂലം വലിയ സഹായം കേരളത്തില്‍ നഷ്ടമായി.

ഗുജറാത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അന്ന് അവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. മലയാളികളുടെ സഹായം തേടാനായി മന്ത്രിമാര്‍ വിദേശത്തേക്ക് പോവുന്ന കാര്യത്തിലും പ്രധാനമന്ത്രി ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിച്ചത്.

വിദേശസഹായം സ്വീകരിക്കാന്‍ പാടില്ല എന്ന പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ സ്വയം സഹായം നല്‍കിയാല്‍ സ്വീകരിക്കാമെന്നും പറയുന്നുണ്ട്. ഈ ആവശ്യത്തിന് വിദേശത്ത് നിന്ന് വായ്പ തേടുന്ന കാര്യത്തിലും ഇതേ സമീപനമാണ് കേന്ദ്രത്തിന്റെതെന്ന് സംശയിക്കുന്നു.

വിദേശവായ്പയുടെ പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. കേരളം പുനര്‍നിര്‍മ്മിക്കപ്പെട്ടുകൂടാ എന്ന നിലപാട് കേന്ദ്രത്തിനും ബിജെപിക്കും ഉണ്ടോ. എല്ലാ കാര്യത്തിലും അവര്‍ സ്വീകരിച്ച നിലപാട് ഇതാണ്.

കേരളത്തെ പുനര്‍നിര്‍മ്മിക്കാനുളള ഉത്തരവാദിത്തം ഭരിക്കുന്ന സര്‍ക്കാരിനുണ്ട്. ആ ചുമതല നിറവേറ്റുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News