പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പനിക്കെതിരെ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പനിക്കെതിരെ ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിർദേശം. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യമാണ് ഇക്കുറി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം മുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനെതിരെ ആരോഗ്യവകുപ്പിന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കിയിട്ടുണ്ട്. ഒാഗസ്റ്റ് മുതൽ ഒക്ടോബർ വരെയായി 15 പേരാണ് H1N1 ബാധിച്ച് മരണപ്പെട്ടത്.

സാധാരണഗതിയിൽ മ‍ഴക്കാലമായ ജൂൺ – ജൂലൈ മാസങ്ങളിലാണ് സംസ്ഥാനത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്.

എന്നാൽ ഇത്തവണ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ഒാഗസ്റ്റ് മാസം മുതൽ വൈറസ് സാന്നിധ്യം ഉണ്ടായി. സംസ്ഥാനത്ത് ഇതുവരെയായി 2500 പേരുടെ ശ്രവം പരിശോധിച്ചതിൽ 335 കേസുകൾ സ്ഥിരീകരിച്ചു.

ഒാഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ വരെയായി 15 പേരാണ് മരണപ്പെട്ടത്. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കിയത്.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രതയോടെയും കരുതലോടെയും നേരിടണമെന്നും H1N1 നോഡൽ ഒാഫീസർ ഡോക്ടർ അമർ ഫെറ്റിൽ പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതലായി എച്ച്‌ വണ്‍ എന്‍ വണ്‍ റിപ്പോർട്ട് ചെയ്തത്. വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ ഒസൽട്ടാമിവിർ മരുന്നിന്‍റെ ലഭ്യതയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില്‍, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

വായുവിലൂടെയാണ് രോഗം പടരുന്നത്. പനി ബാധിച്ചയുടന്‍ ചികിത്സ തേടണമെന്നും എല്ലാവിധ പ്രതിരോധ നടപടികളും ജനങ്ങൾ നടത്തണമെന്നുമള്ള അവബോധ പരിപാടികളും ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel