സിബിഐയ്ക്ക് പിന്നാലെ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും കൈവച്ച് കേന്ദ്ര സര്‍ക്കാര്‍; ഡപ്യൂട്ടി ഗവര്‍ണ്ണര്‍ വിരല്‍ ആചാര്യയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറുന്നു

സിബിഐയ്ക്ക് പിന്നാലെ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും കൈവച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ റിസര്‍വ് ബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന ഡപ്യൂട്ടി ഗവര്‍ണ്ണര്‍ വിരല്‍ ആചാര്യയുടെ വെളിപ്പെടുത്തലോടെ കേന്ദ്രവും റിസര്‍വ്വ് ബാങ്കും തമ്മിലുള്ള തര്‍ക്കം പരസ്യമായി.

റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാന്‍ പെയ്‌മെന്റ് നിയന്ത്രണ അതോറിട്ടി കൊണ്ട് വരുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അതേ സമയം നീക്കിയിരിപ്പ് പണം സര്‍ക്കാരിന് നല്‍കണമെന്ന് ധനകാര്യമന്ത്രാലത്തിന്റെ നിര്‍ദേശം ആര്‍ബിഐ തള്ളി.

ജി.എസ്.ടിയും നോട്ട് നിരോധനവും ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ച പുറത്ത് അറിയിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനകിയ പദ്ധതികള്‍ പ്രഖ്യാപിക്കാനോ,അത് ഏറ്റെടുക്കാനോയുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല ബാങ്കിങ്ങ് മേഖല.

ഇതിനിടയില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ ലഘൂകരിക്കണമെന്ന് ആര്‍ബിഐയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പക്ഷെ ബാങ്കുകളില്‍ കിട്ടാകടം കുമിഞ്ഞ് കൂടുമ്പോള്‍ വായ്പ ഉപാധികള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ രാജ്യം സാമ്പത്തിക മാദ്യം നേരിടേണ്ടി വരുമെന്ന് റിസര്‍വ്വ് ബാങ്ക് ചൂണ്ടികാട്ടുന്നു. നീരവ് മോദി,വിജയ് മല്യ തുടങ്ങിയവര്‍ പൊതുമേഖല ബാങ്കുകളെ തകര്‍ത്ത് കൊണ്ടാണ് രാജ്യം വിട്ടത്.

കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളുമായി ബന്ധമുള്ള ഇവര്‍ നടത്തിയ തട്ടിപ്പ് ആര്‍ബിഐയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ നടത്തുന്ന ശ്രമവും പ്രശ്‌നവും വഷളാക്കുന്നു.കൂടാതെ ആര്‍ബിഐ നീക്കിയിരിപ്പ് തുക കേന്ദ്ര സര്‍ക്കാരിന് നല്‍കണം, ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങളെ സഹായിക്കല്‍ തുടങ്ങിയ വിഷയങ്ങളിലും റിസര്‍വ്വ് ബാങ്കുമായി കേന്ദ്ര സര്‍ക്കാര്‍ ഉരസലിലാണ്.

ഇതിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡില്‍ കൂടുതല്‍ നോമിനികളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതോടെ പ്രശ്‌നം കൈവിട്ടു. സ്വതന്ത്രത്തോടെ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ഡപ്യൂട്ടി ഗവര്‍ണ്ണര്‍ വിരല്‍ ആചാര്യ തുറന്നടിച്ചു.ഇതിന് പിന്തുണയുമായി റിസര്‍വ്വ് ബാങ്ക് എംപ്ലോയിസ് അസോസിയേഷനും രംഗത്ത് എത്തി.

സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലില്‍ ഊര്‍ജിത് പട്ടേലും അസംതൃപ്ത്തനാണ്. മോദി പ്രത്യേകം താല്‍പര്യമെടുത്താണ് റിസര്‍വ്വ്ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഊര്‍ജിത് പട്ടേലിനെ ഗവര്‍ണ്ണറാക്കിയത്.പക്ഷെ അതേ പട്ടേലിന് പോലും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവുന്നില്ല.

റിസര്‍വ്വ് ബാങ്കിന് മുകളില്‍ പെയ്‌മെന്റ് നിയന്ത്രണ അതോറിട്ടി കൊണ്ട് വരാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here