തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ എബിവിപി-കെഎസ്‌യു പ്രവര്‍ത്തകരുടെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐടിഐയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ എബിവിപി-കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു.

ഐടിഐയിലെ എംആര്‍എസി ട്രേഡിലെ വിദ്യാര്‍ത്ഥിയായ ആദിത്യനെ (19)യാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ ഇരിക്കവെയാണ് ആക്രമണമുണ്ടായത്.

എബിവിപി പ്രവര്‍ത്തകരായ കിരണ്‍, അമല്‍, കെഎസ്യു പ്രവര്‍ത്തകനായ ധീരജ് എന്നിവര്‍ ബൈക്കിലെത്തി ആദിത്യന്റെ വാരിയെല്ലിനു താഴെ കത്തി കൊണ്ട് രണ്ടു തവണ കുത്തുകയായിരുന്നു.

മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിയെത്തുന്നതിനിടെ അക്രമികള്‍ കടന്നു കളഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആദിത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ മൂവരെയും നേരത്തേ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐടിഐയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

ആക്രമണ വിവരമറിഞ്ഞ് സിപിഐഎം വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി സി ലെനിന്‍, മെഡിക്കല്‍ കോളേജ് ലോക്കല്‍ സെക്രട്ടറി ഡി ആര്‍ അനില്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി വിനീത്, ഡിവൈഎഫ്‌ഐ നേതാക്കളായ നിതിന്‍, അരുണ്‍ അര്‍ജുന്‍, കൃഷ്ണകുമാര്‍, എസ്എഫ്‌ഐ നേതാക്കളായ നിരഞ്ജന്‍, വിവേക് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി.

പരുക്കേറ്റ ആദിത്യനെയും കൊണ്ടുവന്ന എസ്എഫഐ പ്രവര്‍ത്തകരെ ആശുപത്രി വളപ്പില്‍ വച്ചും എബിവിപി-കെഎസ്യു സംഘം ആക്രമിച്ചു.

മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News