ശബരിമല സ്ത്രീപ്രവേശന വിധിയെ വിമര്‍ശിച്ച അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം; ബീഹാറിലെ സീതാമര്‍ഹി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി

ശബരിമല സ്ത്രീപ്രവേശന വിധിയെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ബീഹാറിലെ സീതാമര്‍ഹി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി.

കണ്ണൂരിലെ പ്രസംഗം ചൂണ്ടികാട്ടി ബീഹാര്‍ സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ താക്കൂര്‍ ചന്ദന്‍ സിങ്ങ് നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ ആറിന് വിശദമായ വാദം കേള്‍ക്കും.

സുപ്രീംകോടതി ഭരണഘടന ബഞ്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് കണ്ണൂരില്‍ അമിത് ഷാ വിമര്‍ശിച്ചത്. വിധി നടപ്പിലാക്കുന്ന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഈ പ്രസംഗം ചൂണ്ടികാട്ടിയാണ് ബീഹാര്‍ സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ താക്കൂര്‍ ചന്ദന്‍ സിങ്ങ് കോടതിയെ സമീപിച്ചിരിക്കുന്നത്. സീതാമര്‍ഹി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരോജ് കുമാരി ഫയലില്‍ സ്വീകരിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് 124 എ പ്രകാരം അമിത് ഷാക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് പ്രധാന ആവശ്യം.

ശബരിമലയിലെ അക്രമങ്ങള്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്ന പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ 120 ബി പ്രകാരം ക്രിമിനല്‍ ഗൂഡാലോചന കുറ്റവും 295 പ്രകാരം മതവികാരം വൃണപ്പെടുത്തല്‍ കുറ്റവും ചുമത്തണമെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. കേസ് നവംബര്‍ 6ലേയ്ക്ക് കോടതി മാറ്റി. അന്ന് വിശദമായ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here