മുടിവെട്ടി നല്‍കിയും കുളിപ്പിച്ചും ശവമഞ്ചം ചുമന്നും സ്ഥാനാര്‍ത്ഥികള്‍; തെലങ്കാന ജനത കാണുന്നത് സ്ഥാനാര്‍ത്ഥികളുടെ പുതിയ മുഖം

തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയും ജയിച്ചാല്‍ പിന്നെ വോട്ടര്‍മാരെ തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നവര്‍ എന്ന് രാഷ്ട്രീയക്കാരെ പണ്ടുമുതല്‍ വിശേഷിപ്പിക്കാറുണ്ട്. ഡിസംബര്‍ ഏ‍ഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ഈ ചൊല്ലിനെ മറികടക്കുന്ന പ്രവൃത്തികളിലാണ് സ്ഥാനാര്‍ത്ഥികള്‍. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) സ്ഥാനാര്‍ത്ഥികളാണാ ഇക്കാര്യത്തില്‍ ഏറെ മുന്നില്‍.

വോട്ട് കിട്ടാനായി ഇവിടെ എന്തും ചെയ്യാന്‍ ടി ആര്‍ എസ് സ്ഥാനാര്‍ത്ഥികള്‍ റെഡിയാണ്. അവര്‍ ബാര്‍ബര്‍ ഷോപ്പുകളിലെത്തി ജനങ്ങള്‍ക്ക് മുടിവെട്ടി കൊടുക്കും, ഷേവ് ചെയ്തുകൊടുക്കും, വീട്ടിലെത്തി ആളുകളെ കുളിപ്പിക്കും, തുണി അലക്കി നല്‍കും, ഇസ്തിരിയിട്ട് നല്‍കും, വേണ്ടി വന്നാല്‍ ശവക്കു‍ഴി വെട്ടുകയും ശവമഞ്ചം ചുമക്കുകയും ചെയ്യും.

പിരിച്ചുവിട്ട നിയമസഭയിലെ സ്പീക്കറും ഭൂപല്‍പള്ളി മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുമായ എസ്.മധുസൂദന ചാരിയും ഇക്കാര്യങ്ങളില്‍ പിന്നോട്ട് പോയില്ല. വോട്ടഭ്യര്‍ത്ഥനക്കിടെ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ മധുസൂദന അവിടെ എത്തിയ ഒരാള്‍ക്ക് മുടിവെട്ടി നല്‍കി. മറ്റൊരാള്‍ക്ക് ഷേവ് ചെയ്തുനല്‍കി.

വീടിനു പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഒരാളെ വയറുനിറച്ച് ഊട്ടി തൃപ്തനാക്കിയിട്ടാണ് മധുസൂദന മടങ്ങിയത്. രണ്ടു ദിവസം മുന്‍പ് രാംനഗര്‍ കോളനിയില്‍ വൃക്കരോഗം ബാധിച്ച് മരിച്ച ചെറുപ്പക്കാരന്‍റെ ശവമഞ്ചം ചുമക്കാനും മധുസൂദന മുന്നിലുണ്ടായിരുന്നു.

അര്‍മൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ജീവന്‍ റെഡ്ഡിയാകട്ടെ മധുസൂദനനെ പിന്തള്ളാന്‍ ശ്രമിച്ചെങ്കിലും പണി പാളി. ഒരു വോട്ടറുടെ സംസ്‌കാര ചടങ്ങിനിടെ കാമറയെ നോക്കി ചിരിച്ചതിന് റെഡ്ഡിക്ക് പണികിട്ടി. ചിരിച്ചുകൊണ്ട് ശവമഞ്ചം ചുമക്കുന്ന ആദ്യവ്യക്തി എന്ന ക്യാപ്ഷനോടെ റെഡ്ഡിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

യെല്ലാഡു മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി കൊരം കനയ്യ വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ വീടിനു മുന്നില്‍ നിന്ന് കുളിക്കുകയായിരുന്ന യുവാവിനെ കുളിപ്പിച്ചിട്ടേ പോയുള്ളൂ. ചില സ്ഥാനാര്‍ത്ഥികളാകട്ടെ വീടുകളിലെ കുട്ടികളെ കുളിപ്പിക്കാനും വസ്ത്രങ്ങള്‍ ഇസ്തിരിയിടാനും മുന്‍പന്തിയിലാണ്. ജനഗണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മുത്തിറെഡ്ഡി യാദഗിരിയാകട്ടെ വീട്ടമ്മയെ വസ്ത്രം അലക്കാന്‍ വരെ സഹായിച്ചു.

മഭുബബാദിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി ശങ്കര്‍ നായിക് അലക്കുശാലയിലെത്തിയാണ് വോട്ടര്‍മാരുടെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്നത്. ബഭുബ്‌നഗര്‍ സ്ഥാനാര്‍ത്ഥി ശ്രീനിവാസ് ഗൗഡാകട്ടെ തയ്യല്‍കടയില്‍ ജോലി തീര്‍ത്താണ് വോട്ടുറപ്പാക്കുന്നത്.

പച്ചക്കറി കച്ചവടക്കാരന്‍റെ വേഷത്തില്‍ വോട്ടുചോദിച്ച് എത്തുന്ന സ്ഥാനാര്‍ത്ഥികളും ടി ആര്‍ എസിലുണ്ട്. സ്‌റ്റേഷന്‍ ഘന്‍പുര്‍ മണ്ഡലത്തിലെ ടി.രാജയ്യ പച്ചക്കറി കച്ചവടക്കാരന്‍റെ വേഷത്തിലെത്തി കുറഞ്ഞ വിലയില്‍ പച്ചക്കറി നല്‍കിയാണ് വോട്ട് ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News