സന്ദീപാനന്ദഗിരിക്കു നേരെ ആക്രമണം: രാഷ്ട്രീയഹിന്ദുത്വം ഹിന്ദുമതത്തെ ഭയപ്പെടുന്നു

നിരന്തരമായ താക്കീതുകളും ഭീഷണികൾക്കും ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. സന്യാസി സ്വാമി സന്ദീപാനന്ദഗിരി ആക്രമിക്കപ്പെട്ടിരുന്നു. മഠവും ഭവനവും വാഹനങ്ങളും തീയിട്ടിട്ടും വെന്തു പോകാതെ രക്ഷപ്പെട്ടത് അദ്ദേഹം വിശ്വസിക്കുന്ന കർമ്മനിയോഗം ഒന്നു കൊണ്ടായിരിക്കാം.

ഈ ആക്രമണത്തിലൂടെ സംഘപരിവാർ അതിന്റെ യഥാർത്ഥമുഖം കേരളത്തിലും വെളിവാക്കിയിരിക്കുന്നു. മഹാത്മജി മുതൽ നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, പ്രൊഫസർ കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയ ധൈഷണിക വ്യക്തിത്വങ്ങളെ ഭൗതികമായി അവസാനിപ്പിച്ച അതേ ആയുധങ്ങൾ ശബരിമലയുടെ മറപിടിച്ച് കേരളത്തിൽ എത്തിച്ചിരിക്കുന്നു.

വന്ദ്യവയോധികനായ മറ്റൊരു സന്യാസിവര്യൻ സ്വാമി അഗ്നിവേശിനെതിരെ നടന്ന ആക്രമണവും നമ്മുടെ മുന്നിലുണ്ട്. സ്വതന്ത്രചിന്തക്കും നിർഭയമായ അഭിപ്രായപ്രകടനത്തിനും നേരെ നമ്മുടെ സംസ്ഥാനത്ത് ഭീഷണി അഴിഞ്ഞാടുകയാണ്. നവമാധ്യമങ്ങളിലൂടെ എഴുത്തുകാർക്കും മറ്റ് ബുദ്ധിജീവികൾക്കും നേരെ ‘സ്വയം സേവകരു’ടെ നിരന്തരമായ തെറിയഭിഷേകവും ഗുണ്ടായിസവും.

“Attukal Amma: The Goddess Of Millions” എന്ന പ്രസിദ്ധമായ പുസ്തകം എഴുതിയ ലക്ഷ്മി രാജീവ് ശബരിമലയെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞതിന് ഇന്ന് വലിയ ഭീഷണിയുടെ നടുവിലാണ്. സാംസ്കാരിക പ്രവർത്തകനും കലാനിരൂപകനുമായ എം.ജെ.ശ്രീചിത്രനെ ആക്രമിക്കുമെന്ന് പരിവാർ ഗുണ്ടകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദുമത ധർമ്മശാസ്ത്രപണ്ഡിതനും ഗീതാപ്രഭാഷകനുമായ ഒരു ഹിന്ദുസന്യാസിയെ മതത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്ന ആർ.എസ്.എസ് നിരന്തരമായി ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും അത്ഭുതമെന്ന് ചിലർ കരുതാനിടയുണ്ട്. ആർ.എസ്.എസ് എന്ന തീവ്രവാദ സംഘത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതു കൊണ്ടുണ്ടാവുന്ന അത്ഭുതമാണത്.

എല്ലാത്തരം മതഭീകരതക്കും എന്നപോലെ ഈ പരിവാരത്തിനും മതം ഒരു ഉപകരണം മാത്രമാണ്. രാഷ്ട്രീയ അധികാരത്തിലെത്താനുള്ള ഒരുപാധി. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന അഖിലലോക ഭീകര സംഘടന എങ്ങനെ ഇസ്ലാം മതത്തെ കവചമാക്കുന്നുവോ അതുപോലെ ആർ.എസ്.എസ്. ഹിന്ദുമതത്തെ മറയാക്കുന്നു.

യഥാർത്ഥ ഇസ്ലാംമതത്തെയും വിശ്വാസിയേയും ഐ എസ് ഐ എസിന് ഭയമാണ്. അതുപോലെ ഹിന്ദുമതത്തിന്റെ ആത്മസത്ത എന്തെന്ന് വെളിപ്പെടുന്നത് ആർ.എസ്.എസിന് വിരോധമാണ്. ഹിന്ദുമതത്തെ ആഴത്തിൽ പഠിച്ചവർ എന്ന നിലയ്ക്കാണ് സ്വാമി സന്ദീപാനന്ദഗിരിയെയും ക്ഷേത്രഭക്തയും പണ്ഡിതയുമായ ലക്ഷ്മി രാജീവിനെയും അവർ ഭയപ്പെടുന്നത്.

എന്താണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിഞ്ഞാൽ മാത്രമേ ആർ.എസ്.എസ് ഭീകരർക്ക് അദ്ദേഹത്തോടുള്ള ഭയത്തിന്റെയും വിരോധത്തിന്റെ കാരണം മനസ്സിലാവുകയുള്ളു. ഇന്ന് ജീവിച്ചിരിപ്പുള്ള ഇന്ത്യൻ സന്യാസിമാരിൽ ഹിന്ദുധർമ്മത്തെ കുറിച്ചും വേദാന്തത്തെ കുറിച്ചും ആഴത്തിൽ പഠിച്ച അപൂർവം പേരിലൊരാളാണ് അദ്ദേഹം.

“ആട്ടപ്പൊടി വിൽക്കുന്ന സ്വാമിയല്ല” താൻ എന്ന് അദ്ദേഹം പറയാറുണ്ടല്ലോ. ഗുരുവായ സ്വാമി ചിന്മയാനന്ദനെ പിന്തുടർന്ന് ലോകം മുഴുവൻ ഭഗവദ്ഗീതയെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നു. ഇത്രയേറെ ഔന്നത്യത്തിൽ ഭഗവത്ഗീതയെ സമീപിക്കുന്ന മറ്റൊരാൾ ഇല്ല. നേരിട്ടും ദൃശ്യമാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിന് പേരാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്. ദി സ്കൂൾ ഭഗവദ്ഗീത ട്രസ്റ്റിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു. സാളഗ്രാമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനും ഡയറക്ടറുമാണ്. ദൂരദർശന്റ നാഷണൽ ചാനലിലൂടെ അദ്ദേഹം തുടർച്ചയായി നടത്തിയ സമ്പൂർണ്ണ ഗീതാ ജ്ഞാനയജ്ഞം ഏതാണ്ട് ഒരു വർഷമാണ് നീണ്ടു നിന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ മുൻനിർത്തിയുള്ള സുപ്രിം കോടതി വിധിയെ അനുകൂലിച്ചിതിന്റെ പേരിൽ തുടങ്ങിയതല്ല സംഘപരിവാറിന് അദ്ദേഹത്തോടുള്ള എതിർപ്പ്. ഹിന്ദുമതവിശ്വാസികൾക്കിടയിലൂടെ ഒരു ജൈത്രയാത്ര പോലെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ഗീതാപ്രഭാഷണങ്ങളാണ് വിരോധത്തിന്റെ കാരണമെന്ന് വ്യക്തം.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ തടസ്സപ്പെടുത്തുവാൻ ആർ.എസ്.എസ് പലവട്ടം ശ്രമിച്ചിട്ടുണ്ട്. 2014 മാർച്ച് മാസത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ പ്രഭാഷണത്തിന് എത്തിയ സ്വാമിയെ അവർ ശാരീരികമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. മതത്തിന്റെ യഥാർത്ഥ സത്ത വെളിപ്പെടുമ്പോൾ ആ മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ആയുധമായി ഉപയോഗിക്കാനുള്ള സാധ്യത മങ്ങുന്നു. ഇതിന്റെ രോഷമാണ് മതഭീകരർ മതപണ്ഡിതർക്കും ഗുരുക്കന്മാർക്കും നേരെ പ്രകടിപ്പിക്കുന്നത്

നിരവധി ദുരാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും ആവരണം ചെയ്യപ്പെട്ട സ്ഥിതിയിലാണ് ഓരോ മതവും വിശ്വാസികളുടെ മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നത്. നിഷ്ക്കളങ്കനായ വിശ്വാസി മതത്തെ ആചാരമായി തെറ്റിദ്ധരിക്കുന്നു. “ആചാരങ്ങളല്ല മതം; അതിനപ്പുറത്തുള്ളതാണ്” എന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞത് ശ്രീനാരായണഗുരുവാണ്.

പിന്നീട് ഇസ്ലാം മതപണ്ഡിതനായ സി.എൻ.അഹമ്മദ് മൗലവിയടക്കം നിരവധി മതാചാര്യന്മാർ ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ശരീഅത്ത് വിവാദ കാലത്ത് ശരിയത്ത് നിയമങ്ങൾ മതത്തിന്റെ ഭാഗമല്ല എന്ന മൗലവി വ്യക്തമാക്കിയിരുന്നു. മതപരിവർത്തനത്തെക്കുറിച്ച് ചർച്ചകൾ നടക്കവെ നാരായണഗുരു തന്നെ ശിഷ്യരോട് ചോദിക്കുന്നുണ്ട്: ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ബാഹ്യമായ ആചാരങ്ങളുടെ മാറ്റമാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? മറിച്ച് മതത്തിന്റെ ആന്തര സത്തയാണ് ലക്ഷ്യമെങ്കിൽ അതിനു മതം മാറേണ്ട കാര്യമില്ല. സത്ത എല്ലാത്തിലും ഒന്നാണ്. മതം പിറന്ന കാലദേശങ്ങൾക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങൾ ഉണ്ടാകും എന്ന് മാത്രം.

മതവുമായി ബന്ധപ്പെടുത്തി അതതു കാലത്തെ ആചാരങ്ങളെ നിശ്ചയിക്കുന്നതും സംരക്ഷിക്കുന്നതും പുരോഹിത വിഭാഗമാണ്. മതത്തെയും ദൈവത്തെയും ക്ഷേത്രത്തെയും ഉപജീവിച്ചുള്ള മെച്ചപ്പെട്ട സ്വന്തം ജീവിതവൃത്തിയാണ് അവരുടെ മുഖ്യലക്ഷ്യം. ഹിന്ദു ക്ഷേത്രാചാരങ്ങൾ നിർമ്മിക്കുമ്പോൾ പ്രധാനമായും അന്നത്തെ സവർണ്ണപുരോഹിതർ കരുതിയത് ഇവ ഉപയോഗിച്ച് രാജ്യത്തെ ദരിദ്ര ജനകോടികളെ എങ്ങനെ ഭയപ്പെടുത്തി അടിമകളാക്കാം എന്നതാണ്.

ദൈവഹിതമെന്ന് കള്ളപ്രചരണം നടത്തി അലംഘനീയം എന്ന് പുരോഹിതർ വിധിച്ച ആചാരങ്ങൾ മൂലം നൂറ്റാണ്ടുകളാണ് ഇവിടത്തെ ജനത നരകയാതന അനുഭവിച്ചത്. ആചാരങ്ങൾ അവരെ ജീവിക്കാൻ അനുവദിച്ചിരുന്നില്ല. മന്ത്ര തന്ത്രവിദ്യകൾ കൈവശമുള്ള തങ്ങളുടെ ആജ്ഞകൾക്കനുസരിച്ച് ആടുന്ന ഒരു കളിപ്പാവയാണ് ദൈവം എന്ന് പുരോഹിതർ പ്രഖ്യാപിച്ചു.

ജനങ്ങൾ സ്വാഭാവികമായും ഭയപ്പെട്ടു. ദൈവത്തിലുള്ള പുരോഹിത വർഗ്ഗത്തിന്റെ ഈ അധികാരത്തിന്മേലാണ് അരുവിപ്പുറം പ്രതിഷ്ഠ എന്ന കൊടിയ ആചാരലംഘനത്തിലൂടെ നാരായണഗുരു ഒരു ചവിട്ടു കൊടുത്തത്. ആചാരങ്ങളുടെ നെടുങ്കൻ കോട്ടകൊത്തളങ്ങൾ തവിടുപോലെ പൊടിഞ്ഞു. വർഷങ്ങൾക്കുശേഷം ഇപ്പോൾ അന്നത്തെ ഭീഷണി പുറത്തെടുക്കുകയാണ് ശബരിമലയിലെ താഴമൺ തന്ത്രി. അദ്ദേഹം പ്രഖ്യാപിച്ചു: ഞാൻ ദൈവത്തെ പൂട്ടിയിടും. താക്കോലുംകൊണ്ട് വീട്ടിലേക്ക് പോകും. നിങ്ങൾ എന്ത് ചെയ്യും? ആ ഭീഷണി പരിഹാസ്യമായി തീരാൻ കാരണം പിണറായി വിജയൻ എന്ന നവോത്ഥാനപുത്രന്റെ അചഞ്ചലമായ നായകത്വത്തിൽ കേരളം അടിയുറച്ചുനിന്നതുകൊണ്ട് മാത്രമാണ്. മതപൗരോഹിത്യം വാലു ചുരുട്ടി ഒതുങ്ങി.

നാരായണഗുരു കണ്ടെത്തിയ മതങ്ങളുടെ ആത്മഭാവമല്ല, മറിച്ച് അതിന്മേൽ കാലാകാലങ്ങളായി വന്നു പറ്റിയ ആചാരങ്ങളുടെ അഴുക്കുകളാണ് വർഗീയ ഭീകരരുടെ അവലംബം. കാരണം നിലവിലുള്ള ഒരു മതത്തിന്റെയും ആത്മസത്ത അവർക്ക് ഉപയോഗിക്കാവുന്നതല്ല. ഗുരു തന്നെ പറയുന്നു: “ഹിന്ദു സംസ്കാരത്തിന്റെ ആത്മഭാവം സഹിഷ്ണുതയാണ്. ക്രിസ്തുമതത്തിന് സ്നേഹം. ഇസ്ലാംമതത്തിലേത് ദയ. ബുദ്ധമതത്തിന്റെ ദർശനം അഹിംസ.” ഇവയൊന്നും സമൂഹത്തിൽ വിഭജനം ഉണ്ടാക്കി സംഘർഷത്തിലേക്ക് നയിച്ച് അധികാരം കൈക്കലാക്കാനുള്ള തങ്ങളുടെ പരിപാടിക്ക് ഉപയുക്തമല്ല എന്ന് ആർ.എസ്.എസിന് നിശ്ചയമുണ്ട്. അതുകൊണ്ട് യഥാർത്ഥ മതത്തിന്റെയും മതപണ്ഡിതരുടെയും സാന്നിധ്യം അവരെ ഭയപ്പെടുത്തുന്നു.

ജനലക്ഷങ്ങളെ വെളിച്ചത്തിലേക്ക് നയിച്ച തന്റെ ഗീതാപ്രഭാഷണങ്ങളിലൂടെ ഹിന്ദുമതത്തെ ആവരണം ചെയ്തിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊളിച്ചടുക്കുകയാണ് സന്ദീപാനന്ദഗിരി ചെയ്യുന്നത്. തങ്ങളുടെ ആയുധം നഷ്ടപ്പെടുത്തിയ സ്വാമിയെ സംഘപരിവാർ വെറുതെ വിടുമോ? ഇതേ കുറ്റത്തിന് മഹാത്മാഗാന്ധിയെപ്പോലും ഇല്ലാതാക്കിയവരാണ്. ഇന്ത്യയിൽ അന്ന് ജീവിച്ചിരുന്നവരിൽ ഏറ്റവും കടുത്ത ഹിന്ദുമതവിശ്വാസികളിൽ ഒരാളായിരുന്നു മഹാത്മജി.

ഭഗവത്ഗീത തന്നെയായിരുന്നു അദ്ദേഹത്തിന്റെയും പ്രമാണം. രാമരാജ്യമായിരുന്നു സ്വപ്നം. പക്ഷേ ഹിന്ദു മതഭീകരത അദ്ദേഹത്തെ വെറുതെ വിട്ടില്ല. നിലപാടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ധർമ്മനിഷ്ടമായ ജീവിതത്തിലൂടെയും ഹിന്ദുത്വത്തെ ലോകത്തിനു മുമ്പാകെ തെറ്റായി അവതരിപ്പിക്കുന്നു എന്ന കുറ്റമാണ് ഗോഡ്സെ ഗാന്ധിയിൽ ചുമത്തിയത്.

കോടതി വിചാരണയ്ക്കിടെ ഗോഡ്സേ പറയുന്നു: ഹിന്ദുമതത്തിന്റെ ആത്മസത്ത സഹിഷ്ണുതയും അഹിംസയുമാണ് എന്ന് ഗാന്ധിജി ലോകത്തെ ധരിപ്പിക്കുന്നു. ഇത് അപകടമാണെന്ന് ഞാൻ കരുതുന്നു. ഈ നീക്കം മറ്റു മതങ്ങൾക്കു മുമ്പാകെ ഹിന്ദുമതത്തെ ദുർബലമാക്കും. ഇത് അനുവദിക്കാൻ നിവൃത്തിയില്ല.

ഗോഡ്സെപക്ഷ ഹിന്ദുത്വം ഗാന്ധിപക്ഷ ഹിന്ദുത്വത്തെ ആക്രമിക്കുക സ്വാഭാവികമാണ്. അവർണ്ണരും ന്യൂനപക്ഷങ്ങളും മാത്രമല്ല ആർ.എസ്.എസിന്റെ ശത്രു. യഥാർത്ഥ ഹിന്ദുമതവും ഹിന്ദുവിശ്വാസികളും അവരുടെ ആക്രമണ ലക്ഷ്യമാണ്. മനുഷ്യന്റെ സർഗാത്മകതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള സംഘപരിവാറിന്റെ അഴിഞ്ഞാട്ടത്തെ എതിർത്തു തോൽപ്പിക്കാൻ ഹിന്ദുമതവിശ്വാസികൾ മുന്നിൽ വരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News