കടലോരജനതയ്‌‌ക്ക് നല്‍കിയ വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; ‘പ്രതീക്ഷ’ ഫ്‌ളാറ്റ് സമുച്ചയം മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു

കടലോരജനതയ്‌‌ക്ക് നല്‍കിയ വാക്ക് പാലിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം ‘പ്രതീക്ഷ’ മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു. ഇതോടെ 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷം പൂവണിഞ്ഞു.

2016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്ലാറ്റിലെ താമസക്കാരായെത്തും. ഫ്‌ളാറ്റുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടലിന്റെ മക്കള്‍ക്ക് കൈമാറി. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയായി.

മുട്ടത്തറയില്‍ ബിഎസ്എഫ് ക്യാമ്പിനുസമീപം 24 ബ്‌ളോക്കുകളിലായിട്ടാണ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനകം 17.5 കോടി ചെലവില്‍ പാര്‍പ്പിടമൊരുക്കിയത്. മൃഗസംരക്ഷണവകുപ്പിന്റെ ഭൂമിയില്‍നിന്നാണ് പാര്‍പ്പിടപദ്ധതിക്ക് ആവശ്യമായ 3.45 ഏക്കര്‍ ഏറ്റെടുത്തത്. നിര്‍മാണം യുദ്ധകാലവേഗത്തിലായിരുന്നു.

രണ്ട് ബെഡ്‌റൂമും ബാത്‌റൂമും സ്വീകരണമുറിയും അടുക്കളയും അടങ്ങിയ അപ്പാര്‍ട്‌മെന്റ്, പൂന്തോട്ടം, കമ്യൂണിറ്റി ഹാള്‍, അങ്കണവാടി, സബ്സിഡി വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന മാര്‍ക്കറ്റ്, പണിസാധനങ്ങള്‍ സൂക്ഷിക്കാനായി സ്റ്റോര്‍ ഹൗസ്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഫ്‌ളാറ്റുകള്‍.

2012 മുതല്‍ പ്രകൃതിക്ഷോഭത്തില്‍ തലചായ്ക്കാന്‍ ഇടം നഷ്ടപ്പെട്ടവര്‍ക്കാണ് അടച്ചുറപ്പുള്ള വീട് ഉറപ്പായത്. വീടുകള്‍ 540 ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയാണ്. 2017 ജനുവരിയിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയും ഉദ്യോഗസ്ഥരും നിര്‍മാണപുരോഗതി വിലയിരുത്തിപ്പോന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണച്ചുമതല നിര്‍വഹിച്ചത്.

തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യഗ്രാമങ്ങളിലെ ഭവനരഹിതരാണ് ഒന്നിച്ച് ഗൃഹപ്രവേശം നടത്തുന്നത്.

വലയതുറ യുപി സ്‌കൂളില്‍ കഴിഞ്ഞ 22 കുടുംബങ്ങള്‍, വലിയതുറ എല്‍പി സ്‌കുളില്‍ കഴിഞ്ഞ 4, വിഎച്ച്എസ്‌സിയില്‍ കഴിഞ്ഞ7, ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കഴിഞ്ഞ 3, പോര്‍ട്ട് ഗാഡൗണ്‍6 എന്നീ കുടുംബങ്ങളും ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ഗൃഹനാഥരെ നഷ്ടമായ നാല് കുടുംബങ്ങള്‍, കടലാക്രമണത്തില്‍ വീട് തകര്‍ന്ന മറ്റു കുടുംബങ്ങള്‍ ഉള്‍പ്പെടെ 192 കുടുംബങ്ങള്‍ക്കാണ് ഫ്‌ളാറ്റ് അനുവദിച്ചിരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News