ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ നിയമസഭാ എത്തിക്സ് കമ്മറ്റി തെളിവെടുപ്പ് നടത്തി. കന്യസ്ത്രീയുടെ ബന്ധുകള്‍ നിയമസഭാ എത്തിക്സ് കമ്മറ്റി മുന്‍പാകെ ഹാജരായി. പിസി ജോര്‍ജ്ജിനെ എത്തിക്സ്സ് കമ്മറ്റി മുന്‍പാകെ വിളിച്ച് വരുത്താന്‍ യോഗം തീരുമാനിച്ചു.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയും കുടുംബവും അവിഹിത മാര്‍ഗത്തിലൂടെ സ്ഥലവും ,വസ്തുവഹകളും വാങ്ങികൂട്ടി എന്ന പി സി ജോര്‍ജ്ജിന്‍റെ ആരോപണത്തിനെതിരായിട്ടാണ് കന്യാസ്ത്രീയുടെ കുടുംബം നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്‍കിയത്.

ഈ പരാതിയില്‍ മൊ‍ഴി നല്‍കാനാണ് കന്യാസ്ത്രീയുടെ സഹോദരി നിയമസഭാ എത്തിക്സ് കമ്മറ്റിക്ക് മുന്‍പാകെ ഹാജരായത്. കന്യാസ്ത്രീ സഭയില്‍ ചേരും മുന്‍പേ തങ്ങള്‍ക്ക് ലഭിച്ച ഭൂമിയെയും വസ്തുവഹകളെ പറ്റിയും ആണ് പിസി ജോര്‍ജ്ജ് തെറ്റിധാരണ പരത്തുന്നതെന്ന് ഇവര്‍ നിയമസഭാ കമ്മറ്റിയെ അറിയിച്ചു.

1975 മുതല്‍ തന്നെ തങ്ങളുടെ കൈവശം ഉളളതാണെന്ന് പ്രസ്തുത ഭൂമിയെന്ന് കാണിക്കുന്ന രേഖകള്‍ അടക്കമായിരുന്നു ഇവര്‍ ഹാജരായത്. പിസിജോര്‍ജ്ജ് തുടര്‍ച്ചയായി തങ്ങളുടെ കുടുബത്തെ ആക്ഷേപിച്ചതായി അവര്‍ കമ്മറ്റി മുന്‍പാകെ പരാതിപ്പെട്ടു.

പിസി ജോര്‍ജ്ജിന്‍റെ അഭിമുഖം പ്രസിദ്ധീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ,പത്രകട്ടിംഗുകള്‍ എന്നീവ സഹോദരി കമ്മറ്റി മുന്‍പാകെ ഹാജരാക്കി. പിസി ജോര്‍ജ്ജ് തങ്ങളെ വധിക്കുമോ എന്ന് സംശയം ഉളളതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിസി ജോര്‍ജ്ജിനെ എത്തിക്സ്സ് കമ്മറ്റി മുന്‍പാകെ വിളിച്ച് വരുത്താന്‍ യോഗം തീരുമാനിച്ചു. പിസി ജോര്‍ജ്ജിന് നോട്ടീസ് അയക്കും നവംബര്‍ 13നോ 14 നോ ആവും ജോര്‍ജ്ജിനോട് ഹാജരാകാന്‍ ആവശ്യപ്പെടുക.